ലഖ്‌നൗ :ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) പ്രതീക്ഷിച്ചത് പോലൊരു തുടക്കമല്ല ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് (Australia Cricket Team) ലഭിച്ചിരിക്കുന്നത്. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട അവര്‍ ഇപ്പോള്‍ പോയിന്‍റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് (Cricket World Cup 2023 Points Table). അഫ്‌ഗാനിസ്ഥാനാണ് നിലവില്‍ ഓസ്‌ട്രേലിയക്ക് പിന്നിലുള്ള ഏക ടീം.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യയോട് ആറ് വിക്കറ്റിന്‍റെ തോല്‍വിയാണ് ഓസ്‌ട്രേലിയ വഴങ്ങിയത്. രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയായിരുന്നു അവരുടെ എതിരാളികള്‍. ഈ മത്സരത്തില്‍ എല്ലാ മേഖലയും പിഴച്ച കങ്കാരുപ്പടയ്‌ക്ക് 134 റണ്‍സിന്‍റെ തോല്‍വി വഴങ്ങേണ്ടി വന്നു (South Africa vs Australia).
ലഖ്‌നൗവില്‍ നടന്ന മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ സെഞ്ച്വറി മികവില്‍ ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 311 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങില്‍ പ്രോട്ടീസ് ബൗളിങ് ആക്രമണത്തിന് മുന്നില്‍ ഓസീസ് ബാറ്റര്‍മാര്‍ക്ക് അടിതെറ്റുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി കാഗിസോ റബാഡ മൂന്നും കേശവ് മഹാരാജ്, തബ്രയിസ് ഷംസി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളുമായിരുന്നു നേടിയത്. മത്സരത്തില്‍ പ്രോട്ടീസിന്‍റെ ജയത്തിന് പിന്നാലെ ഇപ്പോള്‍ ഏറെ വിവാദമായിരിക്കുകയാണ് ഓസീസ് താരങ്ങളായ സ്റ്റീവ് സ്‌മിത്തിന്‍റെയും മാര്‍ക്കസ് സ്റ്റോയിനിസിന്‍റെയും പുറത്താകലുകള്‍ (Wicket Controversy).