മുംബൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ദക്ഷിണാഫ്രിക്കയോട് വമ്പന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ പോയിന്‍റ് പട്ടികയിലും കൂപ്പുകുത്തി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ഇന്നലെ, മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പ്രോട്ടീസിനോട് 229 റണ്‍സിന്‍റെ തോല്‍വിയാണ് ഇംഗ്ലീഷ് പട ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 400 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്‍റെ പോരാട്ടം 22 ഓവറില്‍ 170 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
വാലറ്റത്ത് മാര്‍ക്ക് വുഡും (17 പന്തില്‍ 43 നോട്ട് ഔട്ട്) ഗസ് അറ്റ്‌കിന്‍സണും (35) നടത്തിയ പോരാട്ടമാണ് ഇംഗ്ലണ്ടിന്‍റെ തോല്‍വി ഭാരം കുറച്ചത്. ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ പോയിന്‍റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തേക്കാണ് ഇംഗ്ലണ്ട് വീണത്. കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും തോറ്റ ഇംഗ്ലീഷ് പടയ്‌ക്ക് രണ്ട് പോയിന്‍റ് മാത്രമാണ് ഇതുവരെ നേടാനായത്. രണ്ട് പോയിന്‍റുള്ള അഫ്‌ഗാനിസ്ഥാനാണ് ഇംഗ്ലണ്ടിന് പിന്നിലായി പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ളത്.
അതേസമയം, ഇംഗ്ലണ്ടിനെ തകര്‍ത്ത് വിജയവഴിയില്‍ തിരിച്ചെത്തിയ ദക്ഷിണാഫ്രിക്ക പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. നാല് മത്സരങ്ങളില്‍ നിന്നും മൂന്ന് ജയം നേടിയ പ്രോട്ടീസിന് ആറ് പോയിന്‍റാണ് ഉള്ളത്. ടൂര്‍ണമെന്‍റില്‍ ഏറ്റവും മികച്ച നെറ്റ് റണ്‍റേറ്റും പ്രോട്ടീസിനാണ് നിലവില്‍.