ധര്‍മ്മശാല :ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ടീം ഇന്ത്യ (Cricket World Cup 2023 Points Table). ധര്‍മ്മശാലയില്‍ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് വീഴ്‌ത്തിയാണ് ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇന്നലെ (ഒക്ടോബര്‍ 22) നടന്ന മത്സരത്തില്‍ കിവീസ് ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം വിരാട് കോലിയുടെർ തകര്‍പ്പന്‍ ബാറ്റിങ്ങിന്‍റെ കരുത്തില്‍ 48 ഓവറുകളില്‍ ഇന്ത്യ മറികടന്നു.
കളിച്ച അഞ്ച് മത്സരവും ജയിച്ച ടീം ഇന്ത്യയ്‌ക്ക് നിലവില്‍ 10 പോയിന്‍റാണ് ഉള്ളത്. 1.353 ആണ് ടീമിന്‍റെ നെറ്റ് റണ്‍റേറ്റ്. ലോകകപ്പില്‍ ഇതുവരെ തോല്‍വി അറിയാത്ത ഏക ടീമും ഇന്ത്യയാണ്.
ഇന്ത്യയോട് അഞ്ചാം മത്സരത്തില്‍ പരാജയപ്പെട്ടതോടെ ന്യൂസിലന്‍ഡ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് വീണു. അഞ്ച് മത്സരങ്ങളില്‍ നാല് ജയമാണ് കിവീസിന്‍റെ അക്കൗണ്ടിലുള്ളത്. 8 പോയിന്‍റുള്ള കിവീസിന്‍റെ നെറ്റ് റണ്‍ റേറ്റ് 1.481 ആണ്.
നാലില്‍ മൂന്ന് കളി ജയിച്ച ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തും രണ്ട് ജയം സ്വന്തമാക്കിയ ഓസ്‌ട്രേലിയ നാലാം സ്ഥാനത്തുമാണ് പോയിന്‍റ് പട്ടികയില്‍. നാല് കളികളില്‍ രണ്ട് ജയമുള്ള പാകിസ്ഥാനാണ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാര്‍. ഇതുവരെ ഒരു മത്സരം മാത്രം ജയിച്ച ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്, ശ്രീലങ്ക, ഇംഗ്ലണ്ട്, അഫ്‌ഗാനിസ്ഥാന്‍ ടീമുകളാണ് യഥാക്രമം ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.
ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യ :ഏകദിന ലോകകപ്പിലെ അഞ്ചാം ജയമാണ് ധര്‍മ്മശാലയില്‍ ടീം ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കിവീസിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തകര്‍ച്ചയോടെയാണ് കിവീസ് ഇന്നിങ്സ് തുടങ്ങിയത്.