മുംബൈ :ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) ഫൈനലിലെ ഇന്ത്യ ഓസ്‌ട്രേലിയ സൂപ്പര്‍ പോരാട്ടത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കളിയാസ്വാദകര്‍ (India vs Australia Final). നവംബര്‍ 19ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. മൂന്നാം കിരീടം തേടി ഇന്ത്യയിറങ്ങുമ്പോള്‍ ലോകകപ്പിലെ ആറാം കിരീടമാണ് മൈറ്റി ഓസീസിന്‍റെ ലക്ഷ്യം.
റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്‍റില്‍ കളിച്ച മത്സരങ്ങളെല്ലാം ജയിച്ച ഏക ടീം ഇന്ത്യയാണ്. ഒന്‍പത് എതിരാളികള്‍ക്കെതിരെയും വ്യക്തമായ മേധാവിത്വത്തോടെ തന്നെ ജയം പിടിക്കാന്‍ ഇന്ത്യയ്‌ക്കായിരുന്നു. ഇതുവരെയുള്ള ഓരോ ജയങ്ങളിലും ഓരോ താരങ്ങള്‍ക്കും ടീമിനായി അവരുടേതായ സംഭാവന നല്‍കാന്‍ സാധിച്ചിട്ടുണ്ട്.
രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന തുടക്കവും വിരാട് കോലിയുടെ ആങ്കര്‍മാന്‍ റോളും, ശ്രേയസ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരുടെ വിക്കറ്റ് വേട്ടയുമെല്ലാം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ഫൈനലില്‍ ഇന്ത്യയുടെ ഹീറോ ആരാകുമെന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ഇതിനിടെയാണ് ഫൈനലില്‍ ടീം ഇന്ത്യയുടെ ഗെയിം ചേഞ്ചറെ പ്രവചിച്ച് മുന്‍ താരം ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരിക്കുന്നത്.
അഹമ്മദാബാദില്‍ ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ ഇന്ത്യയുടെ ഗെയിംചേഞ്ചറായി മാറാന്‍ സാധ്യതയുള്ളത് ശ്രേയസ് അയ്യരാണെന്നാണ് ഗംഭീറിന്‍റെ അഭിപ്രായം. സ്റ്റാര്‍ സ്പോര്‍ട്‌സ് ചര്‍ച്ചയ്‌ക്കിടെയായിരുന്നു ഇന്ത്യന്‍ മുന്‍ താരം ഇത്തരത്തിലൊരു പ്രതികരണം നടത്തിയത്.