ഹൈദരാബാദ് : ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിയ്‌ക്ക് പിന്നാലെ നിറഞ്ഞുകലങ്ങിയ കണ്ണുകളുമായിട്ടായിരുന്നു ഓരോ ഇന്ത്യന്‍ താരവും ഗ്രൗണ്ട് വിട്ടത്. ഓസ്‌ട്രേലിയ ആറാം ലോക കിരീടത്തിന്‍റെ നേട്ടം ആഘോഷിക്കുമ്പോള്‍ സങ്കടമടക്കാന്‍ സാധിക്കാതെ മുഹമ്മദ് സിറാജ് പൊട്ടിക്കരയുന്നതും രോഹിത് ശര്‍മ വിഷമത്തോടെ പവലിയനിലേക്ക് നടക്കുന്നതുമെല്ലാം ടെലിവിഷനുകളിലൂടെ നമ്മള്‍ കണ്ടതാണ്. എന്നാല്‍, ഇപ്പോള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ വൈറലാകുന്നത് ആ മത്സരത്തിന് ശേഷം നിരാശനായിരുന്ന വിരാട് കോലിയുടെ ദൃശ്യങ്ങളാണ് (Virat Kohli Unseen Video After ODI World Cup Final).
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയ തങ്ങളുടെ വിജയം ആഘോഷിക്കുമ്പോള്‍ തന്‍റെ ശരീരഭാഷയിലൂടെയാണ് വിരാട് കോലി തന്‍റെ നിരാശ പ്രകടമാക്കിയത്. മത്സരം പൂര്‍ത്തിയായതിന് പിന്നാലെ സഹതാരങ്ങള്‍ക്ക് അരികിലേക്ക് നടന്നെത്തുന്ന കോലി തന്‍റെ തൊപ്പി ഉപയോഗിച്ച് ബെയില്‍സ് തട്ടിയിടുന്നതാണ് വീഡിയോയില്‍ ഉള്ളത്. ലോകകപ്പ് കഴിഞ്ഞ് ഒന്നരമാസക്കാലം പിന്നിട്ട വേളയില്‍ ക്രിക്കറ്റ് ട്വീറ്റുകള്‍ക്ക് പ്രസിദ്ധമായ മുഫാദല്‍ വോഹ്റ (Mufaddal Vohra) എന്ന ഉപയോക്താവാണ് വിരാട് കോലിയുടെ വീഡിയോ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടത്.
ഏകദിന ലോകകപ്പിലെ ടോപ് സ്കോറര്‍ ആയിരുന്നു വിരാട് കോലി. ഈ ലോകകപ്പിലെ 11 മത്സരങ്ങളില്‍ നിന്നും 95.62 ശരാശരിയില്‍ 765 റണ്‍സാണ് വിരാട് കോലി നേടിയത്. ലോകകപ്പിന്‍റെ ഒരു എഡിഷനില്‍ ഒരു താരം സ്‌കോര്‍ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സായിരുന്നു ഇത്.