റണ്‍സ്, വിക്കറ്റ്, സിക്‌സര്‍, ഫോര്‍... ക്രിക്കറ്റ് ആരവത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് (Cricket World Cup 2023) ഇന്ന് കൊടി ഉയരുകയാണ്. 10 വേദികളില്‍ 42 ദിവസം നീണ്ടുനില്‍ക്കുന്ന ലോക ക്രിക്കറ്റ് മാമാങ്കത്തില്‍ ഫൈനലുള്‍പ്പടെ 48 മത്സരങ്ങളാണുള്ളത്.
ഇന്ന് (ഒക്‌ടോബര്‍ 5) നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡിനെയാണ് നേരിടുന്നത് (England vs New Zealand Cricket World Cup 2023 Match). അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. വര്‍ണാഭമായ ഉദ്‌ഘാടന ചടങ്ങുകളൊന്നുമില്ലാതെയാണ് ഇക്കുറി വിശ്വകിരീടത്തിനായുള്ള പോരാട്ടങ്ങള്‍ തുടങ്ങുന്നത്.
സമയപ്രശ്‌നത്തെ തുടര്‍ന്നാണ് ലോകകപ്പിന് ഉദ്‌ഘാടനച്ചടങ്ങുകള്‍ സംഘടിപ്പിക്കാത്തതെന്ന് ബിസിസിഐ അധികൃതര്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ആതിഥേയരായ ഇന്ത്യ ഉള്‍പ്പടെ പത്ത് ടീമുകളാണ് ലോകകപ്പില്‍ പോരടിക്കുന്നത്. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ശ്രീലങ്ക, പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ്, ദക്ഷിണാഫ്രിക്ക, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരാണ് ഇന്ത്യയ്‌ക്ക് പുറമെ ലോകകപ്പില്‍ മത്സരിക്കുന്ന ടീമുകള്‍ (Teams In Cricket World Cup 2023).
അഹമ്മദാബാദ്, ലഖ്‌നൗ, മുംബൈ, കൊൽക്കത്ത, ധർമ്മശാല, ഡൽഹി, പൂനെ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നീ പത്ത് നഗരങ്ങളാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയൊരുക്കുന്നത് (Cricket World Cup 2023 Venues). പ്രാഥമിക ഘട്ടത്തില്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍. ഈ ഘട്ടത്തില്‍ ഓരോ ടീമും പരസ്‌പരം ഓരോ മത്സരങ്ങളില്‍ ഏറ്റുമുട്ടും.