അഹമ്മദാബാദ്:സമീപകാലത്തായി ഇന്ത്യന്‍ ടീമിലെ പ്രധാനികളിലൊരാളാണ് ഇടങ്കയ്യന്‍ സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍ (Axar Patel). പന്തിനുപുറമെ ബാറ്റുകൊണ്ടും തനിക്ക് തിളങ്ങാന്‍ കഴിയുമെന്ന് 29-കാരനായ അക്‌സര്‍ പട്ടേല്‍ പലതവണ തെളിയിച്ചിട്ടുണ്ട്. ഈ മികവ് ഇന്ത്യയുടെ ഏകദിന ലോകകപ്പ് (Cricket World Cup 2023) സ്‌ക്വാഡിലേക്ക് താരത്തിന് വീണ്ടും വഴിയൊരുക്കിയിരുന്നു.
നേരത്തെ 2015-ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്കും അക്‌സർ പട്ടേൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷെ, ഒരൊറ്റ മത്സരത്തിലും പ്ലേയിങ് ഇലനില്‍ എത്താതിരുന്നതോടെ ലോകകപ്പ് അരങ്ങേറ്റത്തിനും അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇക്കുറി കാര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്‌തമായിരുന്നു.
നിര്‍ഭാഗ്യമായി പരിക്ക്:സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ അക്‌സര്‍ പട്ടേല്‍ പ്ലേയിങ് ഇലവനിലെത്തുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. വെറ്ററന്‍ താരങ്ങളായ ആര്‍ അശ്വിനേയും യുസ്‌വേന്ദ്ര ചഹലിനേയും ഒഴിവാക്കിയായിരുന്നു രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡിലേക്ക് ഗുജറാത്ത് താരത്തിന്‍റെ തിരഞ്ഞെടുപ്പ്. ബാറ്റിങ് ഡെപ്ത്ത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നില്‍.
ഏഷ്യ കപ്പില്‍ ബോളുകൊണ്ടും ബാറ്റുകൊണ്ടും നിര്‍ണായക സംഭാവന നല്‍കിയ താരം തന്‍റെ തിരഞ്ഞെടുപ്പ് ശരിയാണെന്ന് തെളിയിക്കുകയും ചെയ്‌തിരുന്നു. ഇതോടെ ലോകകപ്പ് പ്ലേയിങ് ഇലവനിലും ഏറെക്കുറെ സ്ഥാനമുറപ്പിച്ചിരിക്കെയാണ് പരിക്ക് താരത്തിന്‍റെ മോഹങ്ങളെ തല്ലിക്കെടുത്തുന്നത് (Axar Patel ruled out from Indian Squad for cricket world cup 2023). ഏഷ്യ കപ്പിന്‍റെ സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ തുടയ്‌ക്കാണ് 29-കാരന് പരിക്കേല്‍ക്കുന്നത്.
അശ്വിന്‍റെ അപ്രതീക്ഷിത എന്‍ട്രി:അക്‌സറിന്‍റെ തിരിച്ചുവരവിന് സമയം വേണമെന്ന് കണ്ടതോടെ പകരക്കാരനായി അവസാന നിമിഷത്തില്‍ വെറ്ററന്‍ താരം ആര്‍ അശ്വിനെ മാനേജ്‌മെന്‍റ് സ്‌ക്വാഡില്‍ ചേര്‍ക്കുകയും ചെയ്‌തു (R Ashwin replaces Axar Patel in Indian Squad for cricket world cup 2023). ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളില്‍ കാര്യമായ സ്ഥാനമില്ലാതിരുന്ന താരമാണ് ആര്‍ അശ്വിന്‍.
2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ കളിച്ച ഏകദിനത്തിന് ശേഷം 37-കാരന്‍ ഏറെ നാളായി ഫോര്‍മാറ്റില്‍ ഇന്ത്യയ്‌ക്കായി കളിച്ചിരുന്നില്ല. എന്നാല്‍ അക്‌സറിന്‍റെ പുറത്താവല്‍ ഉറപ്പായതോടെ ലോകകപ്പിന് തൊട്ടു മുമ്പായി ഓസീസിനെതിരെ നടന്ന പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കളിപ്പിച്ചാണ് താരത്തെ സെലക്‌ടര്‍മാര്‍ ലോകകപ്പിന് ഇറക്കുന്നത്.
എത്രയും വേഗം തിരിച്ചെത്തട്ടെ:നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ് അക്‌സര്‍ പട്ടേല്‍ (Axar Patel Injury). അക്‌സറിന് ലോകകപ്പില്‍ കളിക്കാന്‍ കഴിയാത്തതില്‍ അതിയായ നിരാശയാണുള്ളതെന്ന് താരത്തിന്‍റെ സഹോദരന്‍ സാൻഷിപ്പ് പട്ടേൽ ഇടിവി ഭാരതിനോട് പറഞ്ഞു. താരത്തിന് എത്രയും വേഗം തിരികെ എത്താന്‍ കഴിയട്ടെയെന്നും സാന്‍ഷിപ്പ് കൂട്ടിച്ചേര്‍ത്തു.
"ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി അവന്‍ കളിക്കുന്നത് കാണാന്‍ ഞങ്ങള്‍ ഏറെ ആഗ്രഹിച്ചിരുന്നു. പ്രത്യേകിച്ച് ഹൈദരാബാദില്‍ നടക്കുന്ന മത്സരങ്ങളില്‍. പക്ഷെ പരിക്കേറ്റ് അവന് ടീമില്‍ നിന്നും പുറത്തുപോകേണ്ടി വന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ നിരാശയാണ്. അവന്‍ എത്രയും പെട്ടെന്ന് കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നതിനാണ് നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്നത്"- സാൻഷിപ്പ് പട്ടേൽ പറഞ്ഞു.
ALSO READ: Cricket World Cup 2023 Bangladesh Team കരുതിയിരിക്കണം ബംഗ്ലാ കടുവകളെ; ഇന്ത്യന്‍ മണ്ണില്‍ പുത്തന്‍ പ്രതീക്ഷയുമായി ഷാക്കിബും സംഘവും