പൂനെ :ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിന് ഓസ്‌ട്രേലിയ ഇറങ്ങുന്നു. നാട്ടിലേക്ക് തിരിക്കാന്‍ നില്‍ക്കുന്ന ബംഗ്ലാദേശാണ് എതിരാളികള്‍ (Australia vs Bangladesh). പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാവിലെ 10:30നാണ് മത്സരം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമി ഫൈനലിന് മുന്‍പുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഓസ്‌ട്രേലിയക്കുള്ള അവസാന അവസരമാണ് ഇന്നത്തെ മത്സരം. നിലവില്‍ തകര്‍പ്പന്‍ ഫോമിലാണ് കങ്കാരുപ്പടയുള്ളത്. തോല്‍വിയോടെ ടൂര്‍ണമെന്‍റ് തുടങ്ങിയ ഓസീസ് അവസാന ആറ് മത്സരവും ജയിച്ചു.
അഫ്‌ഗാനിസ്ഥാനെതിരെ ഇറങ്ങിയ അവസാന മത്സരം കൈവിട്ട ശേഷമായിരുന്നു കങ്കാരുപ്പട തിരിച്ചുപിടിച്ചത്. സെമി ഫൈനല്‍ പോരാട്ടം വരാനിരിക്കെ വിന്നിങ് മൊമന്‍റം നിലനിര്‍ത്താന്‍ ഇന്നും അവര്‍ക്ക് ജയം അനിവാര്യമാണ്. പ്രധാന താരങ്ങളെല്ലാം ഫോമിലാണ് എന്നുളളതാണ് ഓസ്‌ട്രേലിയയുടെ കരുത്ത്.
ഡേവിഡ് വാര്‍ണര്‍ (David Warner), ട്രാവിസ് ഹെഡ് (Travis Head) എന്നിവര്‍ ചേര്‍ന്ന് നല്‍കുന്ന തുടക്കവും ഗ്ലെന്‍ മാക്‌വെല്ലിന്‍റെ (Glenn Maxwell) ഫിനിഷിങ്ങും ചേരുമ്പോള്‍ വമ്പന്‍ സ്കോര്‍ തന്നെ അവര്‍ക്ക് സ്വപ്‌നം കാണാം. ആദം സാംപയിലാണ് (Adam Zampa) ബൗളിങ് പ്രതീക്ഷകള്‍. സ്‌പിന്നര്‍ സാംപയ്‌ക്കൊപ്പം പേസര്‍മാരും മികവിലേക്ക് എത്തിയാല്‍ ബംഗ്ലാദേശിന് കാര്യങ്ങള്‍ എളുപ്പമാകാനിടയില്ല.
അതേസമയം, സെമി ഫൈനല്‍ ഉറപ്പിച്ച സാഹചര്യത്തില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ പ്ലേയിങ് ഇലവനില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. അഫ്‌ഗാനിസ്ഥാനെതിരായ അവസാന മത്സരം കളിക്കാതിരുന്ന സ്റ്റീവ് സ്‌മിത്ത് (Steve Smith) ടീമിലേക്ക് മടങ്ങിയെത്തിയേക്കും.
പോയിന്‍റ് പട്ടികയിലെ എട്ടാം സ്ഥാനക്കാരായ ബംഗ്ലാദേശ് ജയിച്ച് മടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് കളിക്കാനിറങ്ങുന്നത്. ടൂര്‍ണമെന്‍റില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ ബംഗ്ലാദേശിന് സാധിച്ചിരുന്നില്ല. എട്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ രണ്ട് ജയം മാത്രമാണ് അവര്‍ക്ക് നേടാനായത്.
പ്രധാന താരങ്ങളുടെ മോശം ഫോമാണ് ബംഗ്ലാദേശിന് ലോകകപ്പില്‍ തിരിച്ചടിയായത്. ചാമ്പ്യന്‍സ് ട്രോഫി 2025ലേക്കുള്ള യോഗ്യത പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ബംഗ്ലാദേശിന് ജയം അനിവാര്യമാണ്. ക്യാപ്‌റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ഇല്ലാതെയാണ് ബംഗ്ലാദേശ് ഇന്ന് ഓസീസിനെ നേരിടാന്‍ ഇറങ്ങുന്നത്.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ഓസ്‌ട്രേലിയ സ്ക്വാഡ് (Cricket World Cup 2023 Australia Squad): ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍നസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ്, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്‌സ് കാരി, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്, സീന്‍ ആബോട്ട്, ആദം സാംപ.
ബംഗ്ലാദേശ് ഏകദിന ലോകകപ്പ് 2023 സ്‌ക്വാഡ് (Bangladesh Cricket World Cup 2023 Squad): ലിറ്റൺ കുമാർ ദാസ്, നജ്‌മുൽ ഹൊസൈൻ ഷാന്‍റോ (വൈസ് ക്യാപ്‌റ്റന്‍), തൻസീദ് ഹസൻ തമീം, മുഷ്‌ഫിഖുർ റഹീം (വിക്കറ്റ് കീപ്പര്‍), ഷാക്കിബ് അൽ ഹസൻ (ക്യാപ്‌റ്റന്‍), മഹ്‌മുദുള്ള റിയാദ്, തൗഹിദ് ഹൃദോയ്, മുസ്‌തഫിസുര്‍ റഹ്‌മാന്‍, മെഹിദി ഹസൻ, തസ്‌കിന്‍ അഹ്‌മദ്, ഷാക് മഹിദി ഹസൻ, തന്‍സിം ഹസന്‍ സാകിബ്, ഹസന്‍ മഹ്‌മൂദ്, നാസും അഹമ്മദ്, ഷോരിഫുല്‍ ഇസ്‌ലാം.
Also Read:ശ്രീലങ്കന്‍ കൂടോത്രമോ?; ഷാക്കിബിന് മുട്ടന്‍ പണി, ലോകകപ്പില്‍ നിന്നും പുറത്ത്