കേരളം

kerala

ETV Bharat / sports

'നാലില്‍ നില്‍ക്കാന്‍...' ഓസ്‌ട്രേലിയക്കും അഫ്‌ഗാനിസ്ഥാനും നിര്‍ണായകം; മത്സരം വാങ്കഡെയില്‍ - ഓസ്‌ട്രേലിയ

Australia vs Afghanistan Matchday Preview: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഓസ്‌ട്രേലിയ അഫ്‌ഗാനിസ്ഥാന്‍ മത്സരം.

Cricket World Cup 2023  Australia vs Afghanistan  Australia vs Afghanistan Matchday Preview  Cricket World Cup 2023 Points Table  World Cup Semi Final Scenario  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ഓസ്‌ട്രേലിയ അഫ്‌ഗാനിസ്ഥാന്‍  ഓസ്‌ട്രേലിയ  അഫ്‌ഗാനിസ്ഥാന്‍
Australia vs Afghanistan Matchday Preview

By ETV Bharat Kerala Team

Published : Nov 7, 2023, 9:27 AM IST

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) തുടര്‍ച്ചയായ നാലാം ജയം തേടി അഫ്‌ഗാനിസ്ഥാന്‍ (Afghanistan) ഇന്നിറങ്ങും (നവംബര്‍ 7). സെമി ഫൈനല്‍ ഉറപ്പിക്കാന്‍ എത്തുന്ന ഓസ്‌ട്രേലിയ (Australia) ആണ് എതിരാളികള്‍. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം ആരംഭിക്കുന്നത്.

ലോകകപ്പിലെ എട്ടാമത്തെ മത്സരത്തിനാണ് ഓസ്‌ട്രേലിയയും അഫ്‌ഗാനിസ്ഥാനും ഇന്നിറങ്ങുന്നത്. ഏഴ് മത്സരം പൂര്‍ത്തിയായപ്പോള്‍ അഞ്ച് മത്സരം ജയിച്ച ഓസീസ് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരാണ്. മറുവശത്ത് നാല് ജയത്തോടെ എട്ട് പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ആറാമതാണ് അഫ്‌ഗാന്‍.

ഇന്ത്യയ്‌ക്കും ദക്ഷിണാഫ്രിക്കയ്‌ക്കും ശേഷം ലോകകപ്പ് സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കുന്ന മൂന്നാമത്തെ ടീമാകാന്‍ ഒരു ജയം മാത്രമാണ് ഓസ്‌ട്രേലിയക്ക് ആവശ്യം. ആദ്യ രണ്ട് മത്സരം പരാജയപ്പെട്ടെങ്കിലും പിന്നീട് തോല്‍വി അറിയാതെ ആയിരുന്നു കങ്കാരുപ്പടയുടെ കുതിപ്പ്. പ്രധാന താരങ്ങളുടെയെല്ലാം ഫോമാണ് ഓസ്‌ട്രേലിയന്‍ പടയുടെ കരുത്ത്.

ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്‌മിത്ത് ഉള്‍പ്പടെയുള്ള മുന്‍നിര താരങ്ങള്‍ റണ്‍സ് കണ്ടെത്തുന്നത് നായകന്‍ പാറ്റ് കമ്മിന്‍സിന് ആശ്വാസമാണ്. അവസാന മത്സരം കളിക്കാതിരുന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലും മിച്ചല്‍ മാര്‍ഷും പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്താനാണ് സാധ്യത. ഫോമിലുള്ള ഇവരും അവസാന ഇലവനില്‍ ഇടം കണ്ടെത്തിയാല്‍ റണ്‍സൊഴുകുന്ന വാങ്കഡെയില്‍ അഫ്‌ഗാന്‍ ബൗളര്‍മാര്‍ക്ക് വിയര്‍ക്കേണ്ടി വരും.

ബൗളിങ്ങില്‍ സ്പിന്നര്‍ ആദം സാംപയിലാണ് ഓസ്‌ട്രേലിയയുടെ പ്രതീക്ഷകള്‍. ലോകകപ്പില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന താരം ഇന്ന് നടക്കുന്ന നിര്‍ണായക മത്സരത്തിലും മികവ് കാട്ടുമെന്നാണ് ഓസീസ് ആരാധകര്‍ കരുതുന്നത്. അഫ്‌ഗാന്‍ നിരയെ എറിഞ്ഞിടാന്‍ പോന്ന നായകന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് ത്രയത്തിന്‍റെ പ്രകടനവും കങ്കാരുപ്പടയ്‌ക്ക് നിര്‍ണായകമാണ്.

മറുവശത്ത്, സ്വപ്‌നക്കുതിപ്പ് തുടരുന്ന അഫ്‌ഗാന്‍ മറ്റൊരു അട്ടിമറി മോഹവുമായിട്ടാണ് മുംബൈയില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ നേരിടാന്‍ ഇറങ്ങുന്നത്. ഇന്ന് കങ്കാരുപ്പടയെ വീഴ്‌ത്താനായാല്‍ പോയിന്‍റ് പട്ടികയില്‍ ന്യൂസിലന്‍ഡിനെ മറികടന്ന് നാലാം സ്ഥാനത്തേക്കും അവര്‍ക്കെത്താം. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ ജയിച്ച അഫ്‌ഗാന്‍ നിര നിലവില്‍ ഫോമിലാണ്.

ബാറ്റിങ്ങില്‍ റഹ്മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും നല്‍കുന്ന തുടക്കത്തെ ആശ്രയിച്ചാകും അഫ്‌ഗാന്‍റെ റണ്‍സ് പ്രതീക്ഷകള്‍. ബാറ്റിങ് ലൈനപ്പില്‍ പിന്നാലെ എത്തുന്ന റഹ്മത്ത് ഷാ, ക്യാപ്‌റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദി എന്നിവരും ടീമിനായി സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് നടത്തുന്നത്.

ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ച ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയ അസ്മത്തുള്ള ഓമര്‍സായിയും അഫ്‌ഗാന്‍ നിരയ്‌ക്ക് പ്രതീക്ഷയാണ്. ബൗളിങ്ങില്‍ സ്പിന്നര്‍മാരാണ് ടീമിന്‍റെ കരുത്ത്. റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, നൂര്‍ അഹമ്മദ് തുടങ്ങിയ ലോകോത്തര സ്പിന്നര്‍മാര്‍ ഏത് വമ്പന്മാരെയും വിറപ്പിക്കാന്‍ ശേഷിയുള്ളവരാണ്. പേസര്‍ ഫസല്‍ഹഖ് ഫറൂഖിയുടെ പ്രകടനവും അഫ്‌ഗാന് നിര്‍ണായകമാകും.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ഓസ്‌ട്രേലിയ സ്ക്വാഡ്(Cricket World Cup 2023 Australia Squad): ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇംഗ്ലിസ്, മാര്‍ക്കസ് സ്റ്റോയിനിസ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കാരി, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), സീന്‍ ആബോട്ട്, മിച്ചല്‍ സ്റ്റാര്‍ക്, ആദം സാംപ.

അഫ്‌ഗാനിസ്ഥാന്‍ ഏകദിന ലോകകപ്പ് 2023 സ്‌ക്വാഡ്(Cricket World Cup 2023 Afghanistan Squad): റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്‌മത്തുള്ള ഷാഹിദി (ക്യാപ്‌റ്റന്‍), നജീബുള്ള സദ്രാൻ, അസ്‌മത്തുള്ള ഒമർസായി, റിയാസ് ഹസൻ, മുഹമ്മദ് നബി, റാഷിദ് ഖാൻ, നൂർ അഹമ്മദ്, നവീന്‍ ഉല്‍ ഹഖ്, ഫസല്‍ഹഖ് ഫറൂഖി, മുജീബ് ഉർ റഹ്മാൻ, ഇക്രം അലിഖിൽ, അബ്‌ദുല്‍ റഹ്‌മാന്‍.

Also Read :പോര് കളത്തിന് പുറത്തേക്കും...; മത്സരശേഷം 'കൈ കൊടുക്കാതെ' ഗ്രൗണ്ട് വിട്ട് ബംഗ്ലാദേശ് ശ്രീലങ്ക താരങ്ങള്‍

ABOUT THE AUTHOR

...view details