കാർഡിഫ്: ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍റിനോട് തോറ്റ ഇന്ത്യ ബംഗ്ലാദേശിനോട് ജയിച്ച് ലോകകപ്പിന് ഒരുങ്ങാമെന്ന പ്രതീക്ഷയിലാണ്. ഓപ്പണർമാരും മധ്യനിര ബാറ്റ്സ്മാൻമാരും പരാജയപ്പെട്ടതാണ് കിവീസിനെതിരെ വിരാട് കോലിയുടെ സംഘത്തിന് തിരിച്ചടിയായത്. ആദ്യ തോൽവിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാകും അവസാന സന്നാഹ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുക. പരിക്കിന്‍റെ പിടിയിൽ നിന്നും പൂർണ മോചിതനാകാത്ത കേദാർ ജാദവ് ഇന്നും കളിക്കാൻ സാധ്യതയില്ല.
ലോകകപ്പ് സന്നാഹം: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും - ഇന്ത്യ
കഴിഞ്ഞ കളിയിൽ കിവീസിനോട് തോറ്റ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനോട് ജയിച്ച് ടൂർണമെന്‍റിന് തയ്യാറെടുക്കാമെന്ന പ്രതീക്ഷയിലാണ്.
ഏതൊക്കെ പൊസിഷനില്‍ ആരൊക്കെ കളിക്കണം എന്നുള്ളതിനെക്കുറിച്ച് ധാരണയില്ലാത്ത രീതിയിലായിരുന്നു കിവീസുമായുള്ള മത്സരത്തില്‍ ഇന്ത്യന്‍ ടീം. ഏറെ ചർച്ചയായ നാലാം നമ്പറിൽ ഇന്ന് വിജയ് ശങ്കർ എത്തിയേക്കും. കഴിഞ്ഞ മത്സരത്തില്‍ നാലാമനായി ഇറങ്ങിയ കെഎല്‍ രാഹുലിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. പരിക്കില്‍ നിന്നും മുക്തനായി കേദാര്‍ ജാദവ് തിരിച്ചുവന്നാല്‍ മാത്രമേ ഇന്ത്യക്ക് നാലാം നമ്പറില്‍ പ്രതീക്ഷയുള്ളൂ. എതിരാളികളായ ബംഗ്ലാദേശിനെ ഇന്ത്യക്ക് നിസാരമായി കാണാനാവില്ല. പാകിസ്ഥാനെതിരായ മത്സരം മഴ മൂലം മുടങ്ങിയതിനാല്‍ ബംഗ്ലാദേശിന്‍റെ ആദ്യ സന്നാഹ മത്സരമാണിത്. വൈകിട്ട് മൂന്ന് മണിക്ക് കാർഡിഫിലാണ് മത്സരം.