കാർഡിഫ് :ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ നേരിടും. ലോകകപ്പിലെ ആദ്യ ജയം തേടിയാണ് ദക്ഷിണാഫ്രിക്കയും അഫ്ഗാനും ഇന്നിറങ്ങുന്നത്. ഇന്നത്തെ കളിയിൽ ജയക്കാനായില്ലെങ്കിൽ ദക്ഷിണാഫ്രിക്കയുടെ സെമിയിലേക്കുള്ള വിദൂര സാധ്യതയും അവസാനിക്കും.
എല്ലാത്തവണയും ലോകകപ്പിൽ വമ്പൻ പ്രതീക്ഷകളുമായെത്തുന്ന ദക്ഷിണാഫ്രിക്കയ്ക്ക് നിർഭാഗ്യം വില്ലനാവുകയായിരുന്നു. ഇത്തവണയും പ്രതീക്ഷകളുമായെത്തിയ പ്രോട്ടീസിന് ടൂർണമെന്‍റിൽ തിരിച്ചടിയാണ് ഫലം. നാല് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഒരു കളിയിൽ പോലും പ്രോട്ടീസിന് ജയിക്കാനായില്ല. ആദ്യ കളിയിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ തോറ്റ് തുടങ്ങിയ ടീം പിന്നീട് ബംഗ്ലാദേശിനോടും ഇന്ത്യയോടും മുട്ടുമടക്കി. നാലാം മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് സെമി സാധ്യത തീര്‍ത്തും മങ്ങി എന്നുതന്നെ പറയാം. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ച് സെമിയിലേക്ക് പ്രവേശിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. ബാറ്റിംഗ് നിര ഫോമിലേക്ക് ഉയരാത്തതാണ് ടീമിന്‍റെ വെല്ലുവിളി. ഹാഷിം അംലയും ക്വിന്‍റൺ ഡികോക്കും തുടക്കമിടുന്ന വൻ ബാറ്റിങ് സംഘമുണ്ടെങ്കിലും ഫോമിലേക്ക് ഉയരുന്നില്ല. നായകൻ ഫാഫ് ഡുപ്ലെസിസ് മാത്രമാണ് ഭേദപ്പെട്ട നിലയിൽ ബാറ്റ് വീശുന്നത്. മധ്യനിരയിൽ ഡേവിഡ് മില്ലര്‍, വാൻ ഡെർ ഡസെൻ എന്നിവര്‍ തിളങ്ങിയാല്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് വമ്പന്‍ സ്‌കോര്‍ സ്വപ്‌നം കാണാനാവൂ.