സതാംപ്ടൺ : ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ അഫിഗാനിസ്ഥാന് 225 റൺസിന്‍റെ വിജയലക്ഷ്യം. തുടക്കത്തിൽ പതറിയെങ്കിലും നായകൻ വിരാട് കോലിയുടെ അർധ സെഞ്ച്വറിയും അവസാന ഓവറുകളിലെ കേദാർ ജാദവിന്‍റെ ചെറുത്തു നിൽപ്പുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ഇന്ത്യൻ ബാറ്റ്സ്മാൻമാരെ കറക്കി വീഴ്ത്തി അഫ്ഗാൻ - വിരാട് കോലി
വിജയക്കുതിപ്പ് തുടരാനെത്തിയ ഇന്ത്യയെ വരിഞ്ഞ് മുറുക്കിയ അഫ്ഗാനിസ്ഥാന്‍ മികച്ച ബൗളിംഗ് പ്രകടനത്തോടെ അട്ടിമറി സാധ്യതകളാണ് തുറന്നെടുത്തിരിക്കുന്നത്
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തകർച്ചയോടെയായിരുന്നു തുടക്കം. മികച്ച ഫോമിലുള്ള രോഹിത് ശര്‍മ തുടക്കം തന്നെ കൂടാരം കയറി. മികച്ച ബൗളിംഗിലൂടെ ആദ്യ ഓവറുകളില്‍ ഇന്ത്യൻ ബാറ്റ്സ്മാൻ പിടിച്ചുകെട്ടാന്‍ അഫ്ഗാന് സാധിച്ചു. പിന്നീട് കെഎൽ രാഹുലിന് കൂട്ടായി ഇന്ത്യൻ നായകൻ വിരാട് കോലി ക്രീസിലെത്തിയപ്പോൾ സ്കോർ പയ്യെ മുന്നോട്ടു നീങ്ങി. രണ്ടാം വിക്കറ്റിൽ ഇരുവരും 57 റൺസ് കൂട്ടിച്ചേർത്തു. 15-ാം ഓവറിൽ 30 റൺസെടുത്ത രാഹുൽ പുറത്തായി. പിന്നാലെയെത്തിയ വിജയ് ശങ്കറിനും (29) കാര്യമായ സംഭാവന നൽകാൻ സാധിക്കാതെ പോയി. എന്നാൽ പതറാതെ കോലി ഒരറ്റത്ത് പിടിച്ചുനിന്നു. ഇതിനിടയിൽ ഇന്ത്യന്‍ നായകന്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 2019 ലോകകപ്പിലെ ആദ്യ സെഞ്ച്വറി നേട്ടത്തിലേക്ക് ബാറ്റ് വീശിയ കോലിയെ മുഹമ്മദ് നബി 31-ാം ഓവറിൽ വീഴ്ത്തി. 63 പന്തില്‍ 67 റണ്‍സാണ് കോലി നേടിയത്. പിന്നീട് എംഎസ് ധോണിയും കേദാർ ജാദവും ക്രീസിൽ പിടിച്ചു നിന്നെങ്കിലും സ്കോറിംഗ് വേഗം കുറഞ്ഞു. 57 റണ്‍സ് ജാദവിനൊപ്പം കൂട്ടിച്ചേര്‍ത്ത ശേഷം ധോണി പുറത്തായി. 52 പന്തില്‍ 28 റണ്‍സെടുത്ത ധോണിയെ റാഷിദ് ഖാന്‍റെ പന്തില്‍ ഇക്രം അലി സ്റ്റംപ് ചെയ്യുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ അവസാന ഓവറുകളിൽ തകർത്തടിക്കാനും ഇന്ത്യക്കായില്ല. അവസാന ഓവറില്‍ 68 പന്തില്‍ 52 റണ്‍സെടുത്ത കേദാര്‍ ജാദവ് അഫ്ഗാൻ നായകന് വിക്കറ്റ് നല്‍കി മടങ്ങുകയും ചെയ്തപ്പോൾ നിശ്ചിർ 50 ഓവറിൽ ഇന്ത്യ 224 റൺസിൽ ഒതുങ്ങുകയായിരുന്നു.
അഫ്ഗാന് വേണ്ടി മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നെയ്ബ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോൾ മുജീബ് ഉർ റഹ്മാൻ, അഫ്താബ് അലം, റാഷിദ് ഖാൻ, റഹ്മത് ഷാ എന്നിവർ ഓരോ വിക്കറ്റും നേടി. അഫ്ഗാന്‍റെ നാല് സ്പിന്നർമാർ അഞ്ച് വിക്കറ്റുകളാണ് നേടിയത്.