കേരളം

kerala

ETV Bharat / sports

ലോകകപ്പിൽ ഓസ്ട്രേലിയയോട് പൊരുതി തോറ്റ് ബംഗ്ലാദേശ്

ഓസീസ് ഉയർത്തിയ 382 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 50 ഓവറിൽ 333 റൺസെടുക്കാനേ സാധിച്ചുള്ളൂ

ലോകകപ്പ് ക്രിക്കറ്റ്

By

Published : Jun 20, 2019, 11:48 PM IST

Updated : Jun 21, 2019, 12:07 AM IST

ട്രെന്‍റ് ബ്രിഡ്ജ് : ലോകകപ്പ് ക്രിക്കറ്റിൽ അവസാന ഓവറുകൾ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയക്ക് 48 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉയർത്തിയ 382 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 50 ഓവറിൽ 333 റൺസെടുക്കാനേ സാധിച്ചുള്ളൂ. നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസീസിന് ഡേവിഡ് വാർണറിന്‍റെ തകർപ്പൻ സെഞ്ച്വറിയും (166) നായകൻ ആരോൺ ഫിഞ്ചിന്‍റെയും ഉസ്മാൻ ഖവാജയുടെയും അർധ സെഞ്ച്വറി പ്രകടനവുമാണ് ബംഗ്ലാദേശിനെതിരെ കൂറ്റൻ സ്കോർ നേടിക്കൊടുത്തത്.

ഓസീസ് ഉയർത്തിയ വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാ കടുവകൾക്ക് മികച്ച തുടക്കം നൽകാനായില്ല. അഞ്ചാം ഓവറിൽ സൗമ്യ സർക്കാർ (10) അപ്രതീക്ഷിതമായി റൺഔട്ടായി. എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച തമീം ഇക്ബാലും ഷക്കിബ് അൽ ഹസനും ടീമിനെ മുന്നോട്ടു നയിച്ചു. ലോകകപ്പിൽ തകർപ്പൻ ഫോം തുടരുന്ന ഷക്കിബ് ബംഗ്ലാദേശിന് പ്രതീക്ഷകൾ നൽകി. എന്നാൽ 19-ാം ഓവറിന്‍റെ ആദ്യ പന്തിൽ ഷക്കിബിനെ പുറത്താക്കി മാർക്കസ് സ്റ്റോയിനിസ് ഓസീസിന് ബ്രേക്ക് ത്രൂ നൽകി. അതിനുശേഷം ക്രീസിലെത്തിയ മുഷ്ഫിക്കർ റഹീമും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോൾ കംഗാരുപ്പടയ്ക്കെതിരെ ബംഗ്ലാദേശ് വിജയം സ്വപ്നം കണ്ടു. 25-ാം ഓവറിൽ 62 റൺസെടുത്ത തമീം ഇക്ബാലിന്‍റെ വിക്കറ്റ് തെറുപ്പിച്ച് മിച്ചൽ സ്റ്റാർക്ക് ഞെട്ടിച്ചു. പിന്നീട് മഹ്മുദുള്ളയും മുഷ്ഫിക്കറും സ്കോർ മുന്നോട്ടു നീക്കി. ഇരുവരും ആറാം വിക്കറ്റിൽ 127 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ക്രീസിൽ നിന്നപ്പോൾ ബംഗ്ലാദേശ് ജയത്തിലേക്ക് അടുത്തു. എന്നാൽ 46-ാം ഓവറിൽ മുഹ്മദുള്ള (69) പുറത്തായതോടെ ബംഗ്ലാദേശ് ജയം കൈവിട്ടു കളഞ്ഞു. ഒരറ്റത്ത് സെഞ്ച്വറിയുമായി (102*) അപരാജിത ഇന്നിംഗ്സുമായി മുഷ്ഫിക്കർ കളം നിറഞ്ഞെങ്കിലും ടീമിനെ ജയത്തിലെത്തിക്കാൻ സാധിച്ചില്ല. നിശ്ചിത 50 ഓവറിൽ ബംഗ്ലാദേശിന്‍റെ ഇന്നിംഗ്സ് 333 റൺസിൽ അവസാനിക്കുകയായിരുന്നു.

ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക്, നഥാൻ കോൾട്ടർ നൈൽ, മാർക്കസ് സ്റ്റോയിനിസ്, എന്നിവർ രണ്ട് വീതം വിക്കറ്റ് നേടിയപ്പോൾ ആഡം സാമ്പ ഒരു വിക്കറ്റും നേടി. ജയത്തോടെ ന്യൂസിലൻഡിനെ മറികടന്ന് ഓസ്ട്രേലിയ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.

Last Updated : Jun 21, 2019, 12:07 AM IST

ABOUT THE AUTHOR

...view details