സതാംപ്ടൺ: ഇംഗ്ളീഷ് മണ്ണില്‍ ലോകം കീഴടക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. സതാംപ്ടണിലെ റോസ് ബൗൾ സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരം വൈകിട്ട് മൂന്നിന് തുടങ്ങും. പന്ത്രണ്ടാം ലോകകപ്പില്‍ ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ ദക്ഷിണാഫ്രിക്ക ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. ഐപിഎല്‍ മത്സരങ്ങളുടെ ഇടവേള കഴിഞ്ഞെത്തുന്ന ഇന്ത്യൻ ടീം ലോകകപ്പിന് പൂർണ സജ്ജമാണ്. പരിക്കിന്‍റെ പിടിയിലായിരുന്ന കേദാർ ജാദവ്, വിജയ് ശങ്കർ എന്നിവർ പൂർണ ആരോഗ്യവാൻമാരാണെന്ന് ടീം മാനേജ്മെന്‍റ് അറിയിച്ചു. നായകൻ വിരാട് കോലിയുടെ വിരലിനേറ്റ പരിക്ക് പൂർണമായി മാറിയെന്നും റിപ്പോർട്ടുണ്ട്.
ലോക കിരീടം ലക്ഷ്യമിട്ട് ഇന്ത്യ: ഇന്ന് ആദ്യ മത്സരം - ദക്ഷിണാഫ്രിക്ക
കിരീടം നേടാൻ സാധ്യത കല്‍പ്പിക്കുന്ന ടീമുകളില്‍ മുന്നിലുള്ള ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കു നേർ വരുമ്പോൾ ശക്തമായ മത്സരത്തിനാകും സതാംപ്ടൺ വേദിയാകുക
നായകൻ വിരാട് കോലി, എംഎസ് ധോണി, രോഹിത് ശർമ്മ, ശിഖർ ധവാൻ, കെഎല്‍ രാഹുല്‍, എന്നിവർ അടങ്ങിയ ഇന്ത്യൻ ബാറ്റിങ് നിര ശക്തമാണ്. ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർ ചേരുന്നതോടെ പേസ് ബൗളിങ്ങിലും ആശങ്കയില്ല. മികച്ച ഫോമിലുള്ള ഹാർദിക് പാണ്ഡ്യ ബാറ്റ് കൊണ്ടും പന്തുകൊണ്ടും ടീം ഇന്ത്യയെ വിജയിപ്പിക്കാൻ കഴിവുള്ള താരമാണ്. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ എന്നിവർ കൂടി ചേരുന്നതോടെ ടീം പൂർണ്ണ സജ്ജമാണെന്ന് നായകൻ കോലി പറയുന്നു.
കിരീടം നേടാൻ സാധ്യത കല്‍പ്പിക്കുന്ന ടീമുകളില്‍ മുന്നിലുള്ള ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കു നേർ വരുമ്പോൾ ശക്തമായ മത്സരത്തിനാകും സതാംപ്ടൺ വേദിയാകുക. അതേസമയം ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നത്തെ മത്സരം നിർണായകമാണ്. പരിക്കിന്‍റെ പിടിയിലായ ഡെയ്ല്‍ സ്റ്റെയ്ൻ, ലുങ്കി എൻഗിഡി എന്നിവരുടെ അസാന്നിദ്ധ്യം ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയാണ്. എന്നാല്‍ ബൗളർമാരായ കാഗിസോ റബാഡ, ഇമ്രാൻ താഹിർ എന്നിവരുടെ മികച്ച ഫോം ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. സതാംപ്ടണില്‍ മഴ മാറി നില്‍ക്കുന്ന അന്തരീക്ഷമാണെന്ന് കാലാവസ്ഥാ റിപ്പോർട്ടും ലഭ്യമാണ്.