കേരളം

kerala

ETV Bharat / sports

ജാദവ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തേക്ക് ; പകരക്കാരനായി‌ സര്‍പ്രൈസ് താരം

ജാദവിന് പകരം അക്സര്‍ പട്ടേലോ, അമ്പാട്ടി റായുഡുവോ ടീമിലെത്തുമെന്നാണ് സൂചന. ജാദവിനെപ്പോലെ ഓൾ റൗണ്ടർ ആണെന്നതാണ് ഇരുവരെയും പരിഗണിക്കാൻ കാരണം.

ലോകകപ്പ് ടീം

By

Published : May 15, 2019, 4:55 PM IST

ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പരിക്കേറ്റ കേദാർ ജാദവ് പുറത്തായേക്കും. പരിക്ക് ഭേദമാകാത്തതിനെ തുടർന്നാണ് താരത്തെ ഒഴിവാക്കാൻ ബിസിസിഐ തയ്യാറെടുക്കുന്നത്. ജാദവിന് പകരം അക്സര്‍ പട്ടേലോ, അമ്പാട്ടി റായുഡുവോ ടീമിലെത്തുമെന്നാണ് സൂചന.

പരിക്കിന്‍റെ പിടിയിലായ കേദാര്‍ ജാദവിന് പകരക്കാരനെ തിടുക്കത്തിൽ പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടിൽ ബിസിസിഐയും സെലക്ടര്‍മാരും നേരത്തെ എത്തിയിരുന്നു. എന്നാൽ ഈ മാസം 22- നാണ് ലോകകപ്പ് ടീമുകള്‍ തങ്ങളുടെ അന്തിമ ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി‌. ഈ സമയത്തിനുള്ളില്‍ ജാദവിന് ഫിറ്റ്നസ് തെളിയിക്കാനായില്ലെങ്കിൽ പകരം താരത്തെ ടീമിലെടുക്കാന്‍ ടീം ഇന്ത്യ നിര്‍ബന്ധിതരാവും. ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബ് ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിനിടെയാണ് ജാദവിന് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകൾക്കെതിരെ നടക്കുന്ന പരമ്പരകള്‍ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിക്കാന്‍ ദേശീയ സെലക്ടര്‍മാര്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ ജാദവിന്‍റെ ലോകകപ്പ് സ്ഥാനത്തെക്കുറിച്ചും ചര്‍ച്ചകൾ നടന്നിരുന്നു. താരം പരിക്കില്‍ നിന്ന് മോചിതനായില്ലെങ്കില്‍ അക്സര്‍ പട്ടേലോ, അമ്പാട്ടി റായുഡുവോ അദ്ദേഹത്തിന് പകരം ടീമിലെത്തുമെന്ന് യോഗത്തില്‍ തീരുമാനമായെന്ന് റിപ്പോർട്ടുകളുണ്ട്. അക്സര്‍ പട്ടേലിനെ ജാദവിന് പകരക്കാരനായി പരിഗണിക്കുന്നതാണ് ക്രിക്കറ്റ് ആരാധകർക്കിടയിൽ അമ്പരപ്പുണ്ടാക്കുന്നത്. അതേസമയം അക്സര്‍ പട്ടേലും, അമ്പാട്ടി റായുഡുവും ജാദവിനെപ്പോലെ ഓൾ റൗണ്ടർ ആണെന്നതാണ് ഇരുവരെയും പരിഗണിക്കാൻ കാരണം.

ഫോമിലുള്ള വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ ലേകകപ്പ് ടീമിൽ നിന്നും ഒഴിവാക്കിയതിൽ ക്രിക്കറ്റ് ലോകത്ത് ഞെട്ടലുണ്ടാക്കിയിരുന്നു. ജാദവിന് പരിക്കേറ്റപ്പോഴും പകരക്കാരനായി പന്ത് ടീമിലെത്തുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ നിലവിലെ റിപ്പോർട്ടുകൾ പ്രകാരം അമ്പാട്ടി റായുഡുവിനെയും അക്സർ പട്ടേലിനെയും ബിസിസിഐ പരിഗണിക്കുന്നത് പ്രതിഷേധങ്ങൾക്കിടയാക്കിയേക്കും.

ABOUT THE AUTHOR

...view details