കേരളം

kerala

ETV Bharat / sports

ലോകകപ്പ് സന്നാഹം: ഇംഗ്ലണ്ടിനെ തകർത്ത് ഓസീസ്

വിലക്കിന് ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ സ്റ്റീവ് സ്മിത്തിന്‍റെ സെഞ്ച്വറിയാണ് ആതിഥേയർക്കെതിരെ ഓസീസിന് വിജയം സമ്മാനിച്ചത്

By

Published : May 26, 2019, 2:09 PM IST

സ്റ്റീവ് സ്മിത്ത്

ഏകദിന ക്രിക്കറ്റ് ലോകകപ്പ് സന്നാഹ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ തകർത്ത് നിലവിലെ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സ്റ്റീവ് സ്മിത്തിന്‍റെ സെഞ്ച്വറിയുടെ കരുത്തിൽ 297 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ട് 49.3 ഓവറില്‍ 285 റണ്‍സിന് പുറത്താവുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസിന് നായകൻ ആരോണ്‍ ഫിഞ്ചിനെ (14) തുടക്കത്തിലെ നഷ്ടമായി. പിന്നീട് ഷോണ്‍ മാര്‍ഷും (31) വാര്‍ണറും (43) ചേര്‍ന്ന് ഓസീസിനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചു. എന്നാല്‍ വാര്‍ണറും മാര്‍ഷും പുറത്തായശേഷം ഖവാജക്കൊപ്പം (31) മികച്ച കൂട്ടുകെട്ടുയര്‍ത്തിയ സ്മിത്താണ് ഓസീസിന് മികച്ച സ്കോര്‍ ഉറപ്പാക്കിയത്. വിലക്കിന് ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ സ്മിത്ത് 102 പന്തില്‍ 116 റണ്‍സെടുത്തു. അലക്സ് ക്യാരി (30) അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ഓസീസിനെ 297 റൺസിലെത്തിച്ചു. ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കറ്റ് 69 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാതെ പോയതാണ് ഇംഗ്ലീഷ് ടീമിന് തിരിച്ചടിയായത്. 64 റണ്‍സ് നേടിയ ജെയിംസ് വിന്‍സാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ജോസ് ബട്‌ലര്‍ (51), ക്രിസ് വോക്സ്, ജേസണ്‍ റോയ് (32) എന്നിവരും ബാറ്റിംഗില്‍ ഇംഗ്ലണ്ടിനായി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ ഇവർക്ക് സാധിച്ചില്ല. ഓസീസിനായി ബെഹന്‍റോഫും കെയിൻ റിച്ചാര്‍ഡ്സണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ABOUT THE AUTHOR

...view details