കേരളം

kerala

അശ്വിന്‍റെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ: ഇംഗ്ലണ്ടിന് ജയിക്കാൻ 481 റൺസ്

കോലി പുറത്തായ ശേഷം വാലറ്റക്കാരെ കൂട്ടുപിടിച്ചാണ് അശ്വിൻ കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കിയത്. നേരത്തെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ അശ്വിൻ അഞ്ച് വിക്കറ്റും നേടിയിരുന്നു.

By

Published : Feb 15, 2021, 4:02 PM IST

Published : Feb 15, 2021, 4:02 PM IST

aswin
അശ്വിന്‍റെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ: ഇംഗ്ലണ്ടിന് ജയിക്കാൻ 481 റൺസ്

ചെന്നൈ: ഇംഗ്ലീഷ് ബൗളർമാരുടെ ക്ഷമ പരീക്ഷിച്ച് ഇന്ത്യൻ ഓൾറൗണ്ടർ ആർ അശ്വിൻ ചെന്നൈയില്‍ സെഞ്ച്വറി തികച്ചപ്പോൾ ഇന്ത്യയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 482 റൺസ് വിജയലക്ഷ്യം. ടെസ്റ്റ് മത്സരത്തിന്‍റെ മൂന്നാം ദിവസം കളി തുടങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 286 റൺസിന് ഓൾഔട്ടായി. ഇംഗ്ലണ്ടിന്‍റെ സ്പിൻ ബൗളിങിന് മുന്നില്‍ ഇന്ത്യയുടെ മുൻനിരയും മധ്യനിരയും തകർന്നപ്പോൾ ആർ അശ്വിൻ മനസാന്നിധ്യത്തോടെ പിടിച്ചു നിന്നു. 148 പന്തുകൾ നേരിട്ട അശ്വിൻ 106 റൺസ് എടുത്ത് പത്താമനായി പുറത്തായതോടെയാണ് ഇന്ത്യൻ ഇന്നിംഗ്സിന് തിരശീല വീണത്. അർധ സെഞ്ച്വറി നേടിയ നായകൻ വിരാട് കോലി (67) മാത്രമാണ് അശ്വിന് പിന്തുണ നല്‍കിയത്.

കോലി പുറത്തായ ശേഷം വാലറ്റക്കാരെ കൂട്ടുപിടിച്ചാണ് അശ്വിൻ കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കിയത്. നേരത്തെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ അശ്വിൻ അഞ്ച് വിക്കറ്റും നേടിയിരുന്നു. ഒരു ടെസ്റ്റില്‍ അഞ്ച് വിക്കറ്റും സെഞ്ച്വറിയും തികയ്ക്കുന്ന താരങ്ങളില്‍ ഇംഗ്ലീഷ് ഇതിഹാസം ഇയാൻ ബോതത്തിന് പിന്നില്‍ രണ്ടാമതാണ് അശ്വിൻ. ബോതം അഞ്ച് മത്സരങ്ങളില്‍ സെഞ്ച്വറിയും അഞ്ച് വിക്കറ്റും സ്വന്തമാക്കിയപ്പോൾ അശ്വിൻ മൂന്ന് മത്സരങ്ങളില്‍ ആ നേട്ടം സ്വന്തമാക്കി. ഷാക്കിബ് അല്‍ ഹസൻ, ഗാരി സോബേഴ്‌സ്‌, ജാക്ക് കാലിസ് എന്നിവരാണ് അശ്വിന് പിന്നിലുള്ളത്.

ഇംഗ്ലണ്ടിന് വേണ്ടി രണ്ടാം ഇന്നിംഗ്സില്‍ ജാക്ക് ലീച്ച്, മോയിൻ അലി എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ രോഹിത് ശർമയുടെ സെഞ്ച്വറിക്കരുത്തില്‍ 329 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 134 റൺസിന് ഓൾഔട്ടായിരുന്നു. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം ജയിച്ച ഇംഗ്ലണ്ട് മുന്നിലാണ്. ചെന്നൈയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ രണ്ട് ദിവസം ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കണമെങ്കില്‍ കടുത്ത മനസാന്നിധ്യത്തോടെ ബാറ്റ് ചെയ്യേണ്ടി വരും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഒരു തമിഴ് നാട്ടുകാരൻ നേടുന്ന രണ്ടാമത്തെ സെഞ്ച്വറി കൂടിയാണ് ഇത്. നേരത്തെ 1987ല്‍ കൃഷ്ണമാചാരി ശ്രീകാന്താണ് ചെന്നൈയില്‍ സെഞ്ച്വറി നേടിയ തമിഴ് നാട്ടുകാരൻ.

ABOUT THE AUTHOR

...view details