മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർ യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ലെജൻഡ് എന്ന് വിശേഷിപ്പിക്കാവുന്ന യുവിയുടെ തകർപ്പൻ പ്രകടനത്തിന്‍റെ മികവിലാണ് ഇന്ത്യ 2007ല്‍ ടി-20 കിരീടവും 2011ല്‍ ലോകകപ്പ് കിരീടവും നേടിയത്. അസാധാരണമായ പോരാട്ടത്തിന്‍റെയും തിരിച്ചുവരവിന്‍റെയും കഥയാണ് യുവരാജ് സിംഗ് എന്ന ഇന്ത്യൻ ക്രിക്കറ്റ് താരം നമുക്ക് പറഞ്ഞ് തന്നത്.
ക്രിക്കറ്റ് പ്രേമികളെ മുഴുവൻ നിരാശയിലാഴ്ത്തുന്ന വിരമിക്കല്‍ പ്രഖ്യാപനമാണിത്. ഏറെ നാളായി ടീം ഇന്ത്യക്ക് പുറത്തായ യുവരാജ് 37ാം വയസ്സിലാണ് താൻ രാജ്യാന്തര ക്രിക്കറ്റിലേക്ക് ഇനി തിരിച്ചുവരില്ലെന്ന് പ്രഖ്യാപിച്ചത്. സൗരവ് ഗാംഗുലിയുടെ വണ്ടർ ടീമില്‍ അംഗമായി 2000ല്‍ കെനിയക്കെതിരെ അരങ്ങേറിയ യുവി ഇന്ത്യക്കായി 304 ഏകദിനങ്ങളിലും 40 ടെസ്റ്റിലും 58 ടി-20 മത്സരങ്ങളിലും കളിച്ചു. ഏകദിനത്തില്‍ 14 സെഞ്ച്വറിയും 52 അർധ സെഞ്ച്വറിയും സഹിതം 8701 റൺസ് നേടിയ യുവി 111 വിക്കറ്റുകളും സ്വന്തമാക്കി. ഏകദിനങ്ങളിലെ മികവ് ടെസ്റ്റില്‍ തുടരാൻ യുവിക്ക് കഴിഞ്ഞിരുന്നില്ല. 40 ടെസ്റ്റുകളില്‍ പാഡണിഞ്ഞ യുവിക്ക് മൂന്ന് സെഞ്ച്വറിയും 11 അർധ സെഞ്ച്വറിയും സഹിതം 1900 റൺസ് മാത്രമെ നേടാൻ കഴിഞ്ഞുള്ളു. ഏകദിന ക്രിക്കറ്റിന് ശേഷം ടി-20ലായിരുന്നു യുവിയുടെ തകർപ്പൻ പ്രകടനങ്ങൾ. 58 ടി-20കളില്‍ നിന്ന് 1177 റൺസാണ് യുവി സ്വന്തമാക്കിയത്.
2011ല്‍ 28 വർഷത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയപ്പോൾ നെടുംതൂണായത് യുവിയായിരുന്നു. 362 റൺസും 15 വിക്കറ്റും സ്വന്തമാക്കിയ യുവിയായിരുന്നു ടൂർണമെന്‍റിലെ താരം.
ടി20 ഉൾപ്പെടെ രണ്ട് ലോകകപ്പുകളില്‍ ഇന്ത്യയുടെ വിജയശില്പിയായിരുന്ന യുവരാജ് സിംഗ് മികച്ച ഫോമില്‍ കളിക്കുന്നതിനിടയിലാണ് ജീവിതത്തില്‍ അർബുദം വില്ലനായിയെത്തിയത്. എന്നാല്‍ അദ്ദേഹത്തിന്‍റെ മനകരുത്തിനും നിശ്ചയദാർഢ്യത്തിനും മുന്നില്‍ കാൻസറിനും കീഴടങ്ങേണ്ടി വന്നു.