മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്‌ട്ര ടി20 ടൂർണമെന്‍റില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് രണ്ടാം ജയം. പരമ്പരയില്‍ ഇന്ന് നടന്ന അഞ്ചാമത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെ ടീം ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. ആതിഥേയർ ഉയർത്തിയ 174 റണ്‍സെന്ന വിജയ ലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ ടീം ഇന്ത്യ മറികടന്നു.
ത്രിരാഷ്‌ട്ര വനിത ടി20; ഇന്ത്യക്ക് രണ്ടാം ജയം - ഷിഫാലി വർമ്മ വാർത്ത
ടി20 പരമ്പരയിലെ അഞ്ചാമത്തെ മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ടീം ഓസ്‌ട്രേലിയക്ക് എതിരെ രണ്ട് പന്ത് ശേഷിക്കെ ഏഴ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി
ഇന്ത്യക്കായി ഓപ്പണർ സ്‌മൃതി മന്ദാന 55 റണ്‍സോടെ അർദ്ധ സെഞ്ച്വറി എടുത്തു. 48 പന്തില്‍ ഏഴ് ഫോർ ഉൾപ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. 49 റണ്‍സെടുത്ത ഓപ്പണർ ഷഫാലി വർമ മികച്ച പിന്തുണ നല്‍കി. ഒരു ഫോറും എട്ട് സിക്‌സും ഉൾപ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. നിക്കോള കാരിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് മന്ദാന പുറത്തായത്. എല്ലിസ് പെറിയുടെ പന്തില്‍ കാരിക്ക് ക്യാച്ച് വഴങ്ങി ഷഫാലിയും കൂടാരം കയറി. മറ്റൊരു ഇന്ത്യന്‍ താരം ജമീമ റോഡ്രിഗസ് 19 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ 20 റണ്‍സെടുത്തും ദീപ്‌തി ശർമ 11 റണ്‍സെടുത്തും പുറത്താകാതെ നിന്നു. എല്ലിസ് പെറി, മേഗന്‍ സ്‌കൗട്ട്, നിക്കോള കാരി എന്നിവർ ഓസ്‌ട്രേലിയക്ക് വേണ്ടി ഒരോ വിക്കറ്റ് വീതം വീഴ്‌ത്തി.
നേരത്തെ ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓസ്‌ട്രേലിയക്കായി മൂന്നാമതായി ഇറങ്ങിയ ഗാർഡ്‌നർ 93 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 57 പന്തില്‍ മൂന്ന് സിക്‌സും 11 ഫോറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. ഇന്ത്യക്ക് വേണ്ടി ദീപ്‌തി ശർമ രണ്ട് വിക്കറ്റും രാജേശ്വരി ഗെയ്‌ക്ക്‌വാദ്, രാധ യാദവ്, ഹർലീന്‍ ഡിയോൾ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴത്തി. മത്സരത്തില്‍ ജയിച്ചതോടെ പരമ്പരയിലെ നാല് മത്സരങ്ങളില്‍ രണ്ട് ജയവുമായി ടീം ഇന്ത്യ രണ്ടാമതാണ്. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് ജയമുള്ള ഇംഗ്ലണ്ടാണ് പട്ടികയില്‍ ഒന്നാമത്. പരമ്പരയിലെ ഫൈനല്‍ മത്സരം ഫെബ്രുവരി 12-ന് മെല്‍ബണില്‍ നടക്കും. ഓസ്‌ട്രേലിയയില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിന് മുന്നോടിയായാണ് ത്രിരാഷ്‌ട്ര ടി20 ടൂർണമെന്‍റ് നടക്കുന്നത്. ഫെബ്രുവരി 21-ന് സിഡ്‌നിയില്‍ നടക്കുന്ന ലോകകപ്പിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ ടീം ഇന്ത്യ ആതിഥേയരായ ഓസ്‌ട്രേലിയയെ നേരിടും.