സിഡ്‌നി:വനിതാ ടി20 ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ഫൈനലില്‍. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ മഴ നിയമപ്രകാരം വിജയ ലക്ഷ്യം പുനർ നിർണയിച്ചതോടെ ഓസ്‌ട്രേലിയ അഞ്ച് റണ്‍സിന് വിജയിച്ചു. മഴ കാരണം മത്സരം തടസപ്പെട്ടതിനെ തുടർന്നാണ് വിജയ ലക്ഷ്യം പുനർനിർണയിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പോർട്ടീസിന് പുതുക്കി നിശ്ചയിച്ച വിജയ ലക്ഷ്യപ്രകാരം 13 ഓവറില്‍ 98 റണ്‍സെടുക്കണമായിരുന്നു. എന്നാല്‍ നിശ്ചിത ഓവറില്‍ 92 റണ്‍സെടുക്കാനെ പോർട്ടീസിന് സാധിച്ചുള്ളൂ. 42 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ലൗറ വോൾവാർട്ടാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 12 റണ്‍സെടുത്ത സുനെ ലുസും മോശമല്ലത്ത ഫോം പ്രകടിപ്പിച്ചു. ഓസ്‌ട്രേലിയക്ക് വേണ്ടി മേഗന്‍ ഷട്ട് രണ്ട് വിക്കറ്റ് വീഴ്‌ത്തി. ജെസ്സ് ജോനസെന്‍, സോഫി മോളിനെക്‌സ്, ഡെലിസ കമ്മിന്‍സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
വനിത ടി20 ലോകകപ്പ്; ഫൈനല്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍
നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ സിഡ്നിയില്‍ നടന്ന മത്സരത്തില്‍ ഓസിസ് അഞ്ച് റണ്‍സിന്‍റെ ജയം സ്വന്തമാക്കി
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഓസിസ് 49 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മെഗ് ലാനിങ്ങിന്‍റെ പിന്തുണയില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 134 റണ്‍സെടുത്തു. നദിന്‍ ഡി ക്ലർക്ക് പോർട്ടീസിനായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
മാർച്ച് എട്ടിന് മെല്‍ബണില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഓസ്ട്രേലിയ ടീം ഇന്ത്യയെ നേരിടും. സിഡ്നിയില്‍ ഇന്ന് രാവിലെ നടന്ന സെമിഫൈനല്‍ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു . ഇതേ തുടർന്ന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമി പ്രവേശനം നടത്തിയ ടീം ഇന്ത്യയെ സെമി ഫൈനലിലെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.