മെല്‍ബണ്‍:ലോക്ക് ഡൗണ്‍ കാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണർ ഡേവിഡ് വാർണറും മകൾ ഇന്‍റിയും. ബോളിവുഡില്‍ സൂപ്പർ ഹിറ്റായ 'ഷീലാ കി ജവാനി' എന്ന പാട്ടിനൊപ്പമാണ് 33 വയസുള്ള താരവും മകളും ചുവടുവെച്ചത്. ഈ ദൃശ്യങ്ങൾ ഇതിനകം സാമൂഹ്യ മാധ്യമത്തില്‍ വൈറലായി കഴിഞ്ഞു. ഓസിസ് ബാറ്റ്സ്‌മാന്‍ ഈ ആഴ്‌ച്ചയാണ് ടിക്ക് ടോക്കില്‍ അംഗമാകുന്നത്. ഇന്ത്യന്‍ മാതൃകയിലുള്ള വസ്‌ത്രം ധരിച്ചാണ് കുഞ്ഞ് ഇന്‍റി നൃത്തം ചെയ്യുന്നത്. മകൾ ആവശ്യപെട്ടത് പ്രകാരമാണ് താന്‍ നൃത്തം ചെയ്‌തതെന്നും പോസ്റ്റില്‍ പറയുന്നു.
ലോക്ക് ഡൗണ്‍ കാലത്ത് മകൾക്കൊപ്പം ചുവട് വെച്ച് വാർണർ
ഓസ്‌ട്രേലിയയില്‍ ഇതിനകം 443 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. പുതിയ 76 കേസുകൾ അടക്കം 14,671 പേർക്ക് ഇതിനകം ഓസ്‌ട്രേലിയയില്‍ കൊവിഡ് ബാധിച്ചിട്ടുണ്ട്.
ഐപിഎല്‍ 13-ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ക്യാപ്റ്റനാണ് ഡേവിഡ് വാർണർ. എന്നാല്‍ കൊവിഡ് ബാധയെ തുടർന്ന് ഇതേവരെ ഐപിഎല്‍ മത്സരങ്ങൾ തുടങ്ങിയിട്ടില്ല. ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ ബിസിസിഐ കഴിഞ്ഞ ദിവസം ഐപിഎല്‍ മത്സരങ്ങൾ അനിശ്ചിതമായി നീട്ടിവെച്ചിരുന്നു. നേരത്തെ മാർച്ച് 29ന് ആരംഭിക്കാനിരുന്ന ഐപിഎല്‍ ലോക്ക് ഡൗണിനെ തുടർന്ന് ഏപ്രില്‍ 15ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ചതിനെ തുടർന്ന് പിന്നീട് ടൂർണമെന്‍റ് അനിശ്ചിതമായി നീട്ടുകയായിരുന്നു.