2019 ലോകകപ്പിൽ ഇന്ത്യയുടെ ഹൃദയത്തിനേറ്റ വലിയ മുറിവിന് ശേഷം എം.എസ്.ധോണി എന്ന അമരക്കാരന്‍ ക്രിക്കറ്റില്‍ തന്‍റെ കയ്യൊപ്പ് ഒന്നും ചാര്‍ത്തിയിട്ടില്ല. ഏകദിന ലോകകപ്പ് സെമിയില്‍ നിന്നും ഇന്ത്യ പുറത്താവുകയായിരുന്നു അന്ന്. അതിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങളൊന്നും ധോണി കളിച്ചിട്ടില്ല. ധോണി എന്ന് തിരിച്ചു വരുമെന്ന് വ്യക്തമല്ലെങ്കിലും ഐപിഎല്ലില്‍ 'തല' കളിക്കുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. മാര്‍ച്ച് ഒന്നുമുതല്‍ ചെന്നൈ സൂപ്പര്‍ കിങ്സ് പ്രീ സീസണ്‍ ക്യാമ്പ് തുടങ്ങും. ക്യാപ്റ്റന്‍ ധോണി നാലാം ഐപിഎല്‍ കിരീടം നേടുന്നതിനായി പരിശീലനത്തിനായി കളത്തിലിറങ്ങും.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയോ പരിശീലകന്‍ രവി ശാസ്ത്രിയോ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയോ ധോണി എന്ന് ഇന്ത്യന്‍ ടീമില്‍ കളിക്കുമെന്നതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല.
ഐപിഎല്ലിൽ 10 സീസണുകളിൽ ഒരു ടീമിനെ നയിച്ച ഏക ക്യാപ്റ്റനാണ് ധോണി. ഐപിഎല്ലിന്‍റെ പതിമൂന്നാം പതിപ്പ് മാർച്ച് 29ന് ആരംഭിക്കും. നാല് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും മൂന്ന് തവണ ചാമ്പ്യന്മാരായ സിഎസ്‌കെയും തമ്മിലാണ് സീസണിലെ ആദ്യ മത്സരം. എട്ട് മാസത്തിന് ശേഷം ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട താരത്തെ കാണാന്‍ കഴിയും.
ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ട്വീറ്റ് മാര്‍ച്ച് ഒന്നിന് തന്നെ ധോണി എത്തുമെന്നാണ് പ്രതീക്ഷ. 4-5 ദിവസത്തെ പരിശീലനത്തിന് ശേഷം തിരിച്ചുപോകുമെന്നാണ് വിവരം. സുരേഷ് റെയ്‌ന, മുരളി വിജയ്, അമ്പാടി റായിഡു എന്നിവര്‍ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ സഹിതം ചെന്നൈ സൂപ്പര്‍ കിങ്സ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ മൂന്നാഴ്ചയായി റെയ്‌നയും റായിഡുവും ചെന്നൈയില്‍ പരിശീലനം നടത്തുന്നുണ്ട്. മാര്‍ച്ച് രണ്ടിന് ഇരുവരും വീണ്ടും പരിശീലനം തുടരും. മാര്‍ച്ച് 10നാണ് ഔദ്യോഗിക ക്യാമ്പ് ആരംഭിക്കുകയെന്നും സിഎസ്കെ വൃത്തങ്ങള്‍ അറിയിച്ചു. ചെന്നൈ ചെപോക്ക് സ്റ്റേഡിയത്തിലാകും ധോണിയുടേയും സഹതാരങ്ങളുടേയും പരിശീലനം. തലയുടേയും ടീം അംഗങ്ങളുടേയും പരിശീലനം കാണുന്നതിനായി ആരാധകര്‍ സ്റ്റേഡിയത്തിലെത്തുന്നത് പതിവാണ്. മുപ്പത്തിയെട്ടുകാരനായ ധോണിയുടെ കരിയറിലെ വെല്ലുവിളി നിറഞ്ഞ കാലത്താണ് വീണ്ടും മത്സരത്തിനിറങ്ങുന്നത്.