ബ്ലൂംഫൊണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക):അണ്ടർ 19 ലോകകപ്പിൽ ദുര്‍ബലരായ ജപ്പാനെ തറപറ്റിച്ച് നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്‌ത ജപ്പാന്‍ ഉയര്‍ത്തിയ 42 റണ്‍സ് വിജയലക്ഷ്യം 4.5 ഓവറില്‍ ഇന്ത്യ മറികടന്നു. ഇന്ത്യ നേടിയ 42 റൺസിൽ 34 റൺസും ബൗണ്ടറിയിലൂടെയായിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാള്‍ 18 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും അടക്കം 29 റണ്‍സും കുമാർ കുശാഗ്ര 11 പന്തിൽ രണ്ട് ഫോറുകൾ സഹിതം 13 റൺസും നേടി പുറത്താകാതെ നിന്നു. 271 പന്തുകൾ ശേഷിക്കെയാണ് ഇന്ത്യ വിജയലക്ഷ്യത്തിലെത്തിയത്. ലോകകപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ ഇന്ത്യ 90 റൺസിന് തോൽപ്പിച്ചിരുന്നു. ഈ മാസം 24ന് ന്യൂസിലന്‍റുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
അണ്ടർ 19 ലോകകപ്പ്; ജപ്പാനെ തോല്‍പ്പിച്ച് ഇന്ത്യ
ജപ്പാന്‍ ഉയര്‍ത്തിയ 42 റണ്‍സ് വിജയലക്ഷ്യം 4.5 ഓവറില്‍ ഇന്ത്യ മറികടന്നു. 271 പന്തുകൾ ശേഷിക്കെയാണ് ഇന്ത്യ ലക്ഷ്യം കണ്ടത്
പ്രതീക്ഷിച്ചതുപോലെ തികച്ചും ഏകപക്ഷീയമായിരുന്നു മത്സരം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ജപ്പാൻ 22.5 ഓവറിൽ 41 റൺസിന് ഓള്‍ ഔട്ടായി. അഞ്ച് ജപ്പാൻ താരങ്ങൾ പൂജ്യത്തിന് പുറത്തായപ്പോള്‍ ഇന്ത്യൻ ബോളർമാർ എക്സ്ട്രായിനത്തിൽ വഴങ്ങിയ 19 റൺസ് ജപ്പാൻ സ്കോർബോർഡിലെ ടോപ് സ്കോററായി. ബൗണ്ടറിയിനത്തില്‍ രണ്ട് ഫോറുകള്‍ നേടാന്‍ മാത്രമേ ജപ്പാനായുള്ളു. 17 പന്തിൽ ഏഴു റൺസെടുത്ത ഓപ്പണർ ഷു നൊഗൂച്ചിയാണ് ജപ്പാന്‍ നിരയിലെ ടോപ്പ് സ്‌കോറര്‍.
എട്ട് ഓവറിൽ അഞ്ച് റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് നേടിയ രവി ബിഷ്ണോയിയാണ് ജപ്പാനെ എറിഞ്ഞിടുന്നതില്‍ മുന്നില്‍ നിന്നത്. ബിഷ്ണോയിയാണ് കളിയിലെ താരം. എട്ടില്‍ മൂന്ന് ഓവറുകള്‍ മെയ്‌ഡനായിരുന്നു. കാർത്തിക് ത്യാഗി ആറ് ഓവറിൽ 10 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും 4.5 ഓവറിൽ 11 റൺസ് വഴങ്ങിയ ആകാശ് സിംഗ് രണ്ട് വിക്കറ്റും സ്വന്തമാക്കി. എട്ട് റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ വിദ്യാധർ പാട്ടീലും ചേര്‍ന്നപ്പോള്‍ ജപ്പാന്‍ നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. അണ്ടർ 19 ലോകപ്പ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണ് ജപ്പാൻ നേടിയ 41 റൺസ്.