മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോഡ് ടെസ്റ്റില്‍ മഴ കാരണം ടോസ് വൈകുന്നു. വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മിലാണ് മത്സരം. പിച്ച് ഉള്‍പ്പെടെ മൂടിയിട്ട അവസ്ഥയലാണ്. ഇരു ടീം അംഗങ്ങളും ഗ്രൗണ്ടില്‍ ഇറങ്ങിയിട്ടില്ല.
ഓൾഡ് ട്രാഫോഡില്‍ മഴ കാരണം ടോസ് വൈകുന്നു - ടോസ് വൈകുന്നു വാര്‍ത്ത
ഇംഗ്ലണ്ടിന് എതിരെ സതാപ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് നാല് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയിരുന്നു
നേരത്തെ സതാംപ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റ് വിന്‍ഡീസ് ടീം സ്വന്തമാക്കിയിരുന്നു. ഓള്‍ഡ് ട്രാഫോഡില്‍ ജയിച്ച് പരമ്പര സ്വന്തമാക്കി ചരിത്രം സൃഷ്‌ടിക്കാനാകും കരീബിയന്‍ നായകന്‍ ജേസണ്‍ ഹോള്‍ഡറുടെയും കൂട്ടരുടെയും ശ്രമം. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് വിന്‍ഡീസ് ടീമിന് ഇംഗ്ലണ്ടില്‍ ഒരു പരമ്പര സ്വന്തമാക്കാന്‍ അവസരം ഒരുങ്ങിയിരിക്കുന്നത്. നേരത്തെ 1988ല്‍ വിവിയന്‍ റിച്ചാര്‍ഡും കൂട്ടരുമാണ് ഇംഗ്ലണ്ടിനെ അവരുടെ നാട്ടിലെത്തി പരാജയപ്പെടുത്തുന്നത്.
ഓള്‍ഡ് ട്രാഫോഡില്‍ മൂന്ന് മാറ്റങ്ങളുമായാണ് ആതിഥേയര്‍ ഇറങ്ങുക. നായകന്‍ ജോ റൂട്ട് ടീമിന്‍റെ ഭാഗമാകും. കൂടാതെ സ്റ്റൂവര്‍ട്ട് ബോര്‍ഡ്, സാം കുറന്‍, ഓലി റോബിന്‍സണ്‍ എന്നിവരും ടീമിലെത്തി. മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്സണ്‍, ജോ ഡെന്‍ലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. അതേസമയം ജൈവ സംരക്ഷണ മാനദണ്ഡം ലംഘിച്ചതിനെ തുടര്‍ന്ന് അവസാന മണിക്കൂറില്‍ ജോഫ്ര ആര്‍ച്ചര്‍ പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.