ലണ്ടൻ: ലോകകപ്പിന്‍റെ തുടക്കം മുതല്‍ ഫൈനല്‍ വരെ അംപയറിങുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങൾ നിറഞ്ഞ് നിന്നിരുന്നു. ഇന്നലെ നടന്ന ഇംഗ്ലണ്ട് - ന്യൂസിലൻഡ് കലാശപ്പോരില്‍ മാർട്ടിൻ ഗപ്‌ടിലിന്‍റെ ഓവർത്രോ ബൗണ്ടറി പോയപ്പോൾ ഇംഗ്ലണ്ടിന് അംപയർമാർ ആറ് റൺസ് അനുവദിച്ച് നല്‍കിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇതിനിടെ അംപയറിങ് പിഴവ് ചൂണ്ടിക്കാട്ടി ഐസിസി മുൻ അംപയർ സൈമൺ ടോഫലും രംഗത്തെത്തി.
ലോകകപ്പ് ഫൈനലിലെ ഓവർത്രോ വിവാദം; വിമർശനവുമായി സൈമൻ ടോഫല്‍ - ഇംഗ്ലണ്ട്
ലോകകപ്പ് ഫൈനലിലെ അംപയറിങ് പിഴവ് ചൂണ്ടിക്കാട്ടി മുൻ അംപയർ സൈമൻ ടോഫല്‍
മത്സരത്തിന്‍റെ അവസാന ഓവറിലായിരുന്നു ഈ വിവാദ ഓവർത്രോ. ബോൾട്ടിന്‍റെ പന്ത് ഡീപ്പ് മിഡ് വിക്കറ്റിലേക്ക് അടിച്ച ബെൻ സ്റ്റോക്ക്സ് രണ്ടാം റണ്ണിനായി ഓടി. റണ്ണൗട്ടാക്കാനുള്ള ഗപ്‌ടിലിന്‍റെ ത്രോ സ്റ്റോക്സിന്‍റെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലേക്ക് പാഞ്ഞു. ഇതോടെ അംപയർ കുമാർ ധർമ്മസേന ഇംഗ്ലണ്ടിന് ആറ് റൺസ് അനുവദിച്ച് നല്‍കി. ഇതിനെതിരെയാണ് ടൈമൺ ടോഫല്‍ രംഗത്തെത്തിയത്. ഗപ്‌ടില്‍ ത്രോ എറിയുന്ന സമയത്ത് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർ പരസ്‌പരം ക്രോസ് ചെയ്‌തിട്ടുണ്ടായിരുന്നില്ലെന്നും അതുകൊണ്ട് ഇംഗ്ലണ്ടിന് അഞ്ച് റൺസ് അനുവദിക്കാനേ നിയമമുള്ളു എന്നും ടോഫല്‍ പറഞ്ഞു. ഇത് അംപയർമാരുടെ വലിയ വീഴ്ചയാണെന്ന് ടോഫല്‍ കുറ്റപ്പെടുത്തി. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച അംപയർമാരിലൊരാളായ സൈമൻ ടോഫലും അംപയറിങ് പിഴവിനെതിരെ രംഗത്ത് എത്തിയതോടെ വലിയ വിവാദങ്ങൾക്കാണ് തിരിതെളിഞ്ഞിരിക്കുന്നത്.