ന്യൂഡല്‍ഹി:ഐപിഎല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുന്ന കാര്യം പരിഗണനയിലെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. അതേസമയം മത്സരം എപ്പോൾ നടത്തണമെന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. ഓക്‌ടോബർ 18 മുതല്‍ നടത്താനിരിക്കുന്ന ടി20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കില്‍ ഐപിഎല്‍ ആ സമയത്ത് നടത്താനായിരുന്നു ബിസിസിഐ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഐസിസി ഇതേവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. നിലവില്‍ ലോകകപ്പ് ന്യൂസിലന്‍ഡില്‍ നടത്താന്‍ സാധ്യത ഉയരുന്നുമുണ്ട്.
അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ നടത്തുന്നതും പരിഗണനയില്‍: ഗാംഗുലി
ഐസിസി ടി20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കില്‍ ഒക്‌ടോബർ മുതല്‍ നവംബർ വരെയുള്ള കാലയളവില്‍ ഐപിഎല്‍ നടത്താന്‍ ബിസിസിഐ നീക്കം നടത്തുന്നുണ്ട്. എന്നാല്‍ ലോകകപ്പ് മാറ്റിവെക്കുന്ന കാര്യത്തില്‍ ഐസിസി അന്തിമ തീരുമാനം എടുത്തിട്ടില്ല
അതേസമയം ഐപിഎല്‍ മത്സരങ്ങൾ ഈ വർഷം നടത്തണമെന്ന ആഗ്രഹമാണ് ഐപിഎല്‍ സംഘാടകർക്കും ബ്രോഡ്കാസ്റ്റേഴ്‌സിനും സ്‌പോണ്‍സേഴ്‌സിനും ഫ്രാഞ്ചൈസികൾക്കും ഉള്ളത്. ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി നിരവധി താരങ്ങളാണ് ഐപിഎല്‍ മത്സരങ്ങളില്‍ പങ്കെടുക്കുക. അവരും ടൂർണമെന്‍റ് നടത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഇതിനകം മുന്നോട്ട് വന്നിട്ടുണ്ട്.
ഐപിഎല്‍ ഉൾപ്പെടെയുള്ള ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് അടുത്ത് തന്നെ തീരുമാനം ഉണ്ടാകുമെന്ന് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് അയച്ച കത്തില്‍ ഗാംഗുലി പറഞ്ഞിരുന്നു.