ന്യൂഡല്‍ഹി:അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷമുള്ള നീണ്ട ഇടവേളക്ക് ശേഷം ക്രിക്കറ്റിന്‍റെ ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കർ വീണ്ടും ക്രീസിലേക്ക്. ഓസ്‌ട്രേലിയയില്‍ കാട്ടുതീ ദുരിതാശ്വാസത്തിന്‍റെ ധനസമാഹരണാർഥം സംഘടിപ്പിക്കുന്ന ബുഷ്‌ഫയർ ബാഷിലെ രണ്ട് ഇന്നിങ്‌സുകൾക്കിടയിലുള്ള ഇടവേളയിലായിരിക്കും സച്ചിന്‍ പാഡണിഞ്ഞ് ക്രീസിലെത്തുക. ഓസ്‌ട്രേലിയന്‍ വനിത ഓൾറൗണ്ടർ എല്ലിസ് പെറി സച്ചിന് വേണ്ടി ബൗൾ ചെയ്യും. സഹ വനിതാ താരങ്ങൾ ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്യും. ഫെബ്രുവരി ഒമ്പതിന് മെല്‍ബണിലാണ് ഈ അവിസ്‌മരണീയ മുഹൂർത്തത്തിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുക.
നീണ്ട ഇടവേളക്ക് ശേഷം സച്ചിന്‍ വീണ്ടും ക്രീസിലേക്ക് - സച്ചിന്‍ വാർത്ത
ഓസ്‌ട്രേലിയന്‍ വനിതാ ഓൾറൗണ്ടർ എല്ലിസ് പെറിയുടെ വെല്ലുവിളി സ്വീകരിച്ചാണ് മെല്‍ബണില്‍ സച്ചിന്‍ ബാറ്റേന്തുന്നത്. കാട്ടുതീ ദുരിതാശ്വാസത്തിനായുള്ള ധനസമാഹരണാർഥം സംഘടിപ്പിക്കുന്ന ബുഷ്‌ഫയർ പ്രദർശന ക്രിക്കറ്റ് മത്സരത്തിലെ ഇടവേളയിലാണ് സച്ചിന്‍ ക്രീസിലെത്തുക
നേരത്തെ എല്ലിസ് പെറി സച്ചിനെ ക്രീസിലേക്ക് ക്ഷണിച്ചുകൊണ്ട് സാമൂഹ്യമാധ്യമത്തില്‍ വെല്ലുവിളിച്ചിരുന്നു. ഇതേ തുടർന്ന് വെല്ലുവിളി എറ്റെടുക്കുന്നതായി കാണിച്ച് സച്ചിന്‍ തിരിച്ച് ട്വീറ്റ് ചെയ്‌തു. മത്സരത്തിലൂടെ ഒരുമിച്ച് നിന്ന് കാട്ടുതീ ദുരിതാശ്വാസത്തിന് കൂടുതല്‍ തുക സമാഹരിക്കാമെന്ന പ്രതീക്ഷ താരം ട്വീറ്റിലൂടെ പങ്കുവച്ചു. നിങ്ങൾക്ക് എന്നെ ബൗൾഡാക്കാനാകട്ടെ. മെല്‍ബണില്‍ ഞാന്‍ ഇറങ്ങും, ഒരു ഓവർ ബാറ്റ് ചെയ്യും. തോളിന് പരിക്കേറ്റതിനെ തുടർന്ന് ഡോക്‌ടർ നല്‍കിയ ഉപദേശം അവഗണിച്ചാണ് ബാറ്റ് ചെയ്യുന്നതെന്നും സച്ചിന്‍ ട്വീറ്റില്‍ വ്യക്തമാക്കി. നിലവില്‍ ബുഷ്‌ഫയർ പ്രദർശന ടി10 മത്സരത്തില്‍ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ് നയിക്കുന്ന ടീമിന്‍റെ പരിശീലകനാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കർ. മറുവശത്ത് മുന്‍ ഓസിസ് താരം ഗ്രില്‍ക്രിസ്റ്റാണ് നായകന്‍. പ്രദർശന മത്സരത്തിലൂടെ ലഭിക്കുന്ന തുക റെഡ്‌ക്രോസിന്‍റെ കാട്ടുതീ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറും. 2013 നവംബറിലാണ് സച്ചിന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്.