മുംബൈ:ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ ടീം ഇന്ത്യ കളിക്കുക പുതിയ ജേഴ്‌സി അണിഞ്ഞ്. 1992 ലോകകപ്പ് കിറ്റിനെ അനുസ്‌മരിപ്പിക്കുന്ന വിധത്തിലാണ് ടീം ഇന്ത്യയുടെ ജേഴ്‌സി രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. ടീം ഇന്ത്യ കാലങ്ങളായി ഉപയോഗിച്ചുവന്ന സ്‌കൈ ബ്ലൂ നിറത്തില്‍ നിന്നും നേവി ബ്ലൂ നിറത്തിലേക്കുള്ള മാറ്റം കൂടിയാണ് ഇത്. ജേഴ്‌സിയില്‍ ദേശീയ പതാകയിലെ വര്‍ണങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
92 ലോകകപ്പിനെ ഓര്‍മിപ്പിച്ച് നേവി ബ്ലൂ ജേഴ്‌സിയുമായി ടീം ഇന്ത്യ - team india news
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീം ഇന്ത്യ പുതിയ ജേഴ്‌സി അണിഞ്ഞാകും നിശ്ചിത ഓവര്‍ പരമ്പരകളില്‍ കളിക്കുക. ആദ്യ ഏകദിന പരമ്പര ഈ മാസം 27ന് സിഡ്‌നിയില്‍ തുടങ്ങും
മറുഭാഗത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ടി20 പരമ്പരക്കായി പുതിയ ജേഴ്‌സി പുറത്തിറക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ സംസ്‌കാരത്തെയും പാരമ്പര്യത്തെയും വിളിച്ചോതുന്ന വിശേഷണത്തോടെയാണ് ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്. മൂന്ന് വീതം ഏകദിനങ്ങളും ടി20യും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് മത്സരങ്ങളും ടീം ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കും. പര്യടനത്തിന്‍റെ ഭാഗമായുള്ള ആദ്യ ഏകദിനത്തിന് ഈ മാസം 27ന് സിഡ്‌നിയില്‍ തുടക്കമാകും. 29നും ഡിസംബര്‍ രണ്ടിനുമാണ് ശേഷിക്കുന്ന രണ്ട് ഏകദിനങ്ങള്‍. ഡിസംബര്‍ നാല്, ആറ്, എട്ട് തീയ്യതികളിലായി ടീം ഇന്ത്യ ടി20 പരമ്പരയും കളിക്കും.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയെ നേരിടാന്‍ ഒരുങ്ങുന്നത്. അഡ്‌ലെയ്‌ഡില്‍ ഡേ നൈറ്റ് ടെസ്‌റ്റോടെ പരമ്പരക്ക് തുടക്കമാകും. നാല് ടെസ്റ്റുകളാണ് പരമ്പരയുടെ ഭാഗമായി ടീം ഇന്ത്യ കളിക്കുക. മലയാളി താരം സഞ്ജു സാംസണ്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിനുള്ള ടീമിന്‍റെ ഭാഗമാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനായാണ് സഞ്ജു ടീമില്‍ ഇടം നേടിയത്.