വെല്ലിങ്ടണ്‍: അടുത്ത മൂന്ന് വർഷത്തിനുള്ളില്‍ ഏകദിന, ടി20 ലോകകപ്പുകൾ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും അതിന് ശേഷം ഏതെങ്കിലും ഒരു ഫോർമാറ്റില്‍ നിന്നും പിന്‍മാറുന്ന കാര്യം പരിഗണിക്കുമെന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ന്യൂസിലന്‍ഡിന് എതിരായ വെല്ലിങ്ടണ്‍ ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കോലി ഭാവി കാര്യങ്ങൾ പങ്കുവെച്ചത്. മൂന്ന് വർഷം കൂടി എല്ലാ ഫോർമാറ്റിലും കളിക്കാനാണ് തീരുമാനമെന്നും കോലി പറഞ്ഞു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2021-ലെ ടി20 ലോകകപ്പിന് ശേഷം ഏതെങ്കിലും ഒരു ഫോർമാറ്റില്‍ നിന്നും വിരമിക്കാന്‍ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജോലി ഭാരം കൂടുന്നു; ഭാവി പ്രവചിച്ച് വിരാട് കോലി
ജോലിഭാരം കൂടുതലാണെന്ന നിലപാട് ആവർത്തിച്ച കോലി ഇതുമായി ബന്ധപ്പെട്ട ചർച്ചകളില്‍ നിന്നും ഒളിച്ചോടാനാകില്ലെന്നും പറഞ്ഞു.
ജോലിഭാരം കൂടുതലാണെന്ന നിലപാട് വീണ്ടും ആവർത്തിച്ച കോലി ഇതുമായി ബന്ധപ്പെട്ട ചർച്ചകളില്‍ നിന്നും ഒരു കാണവശാലും ഒളിച്ചോടാനാകില്ലെന്നും വ്യക്തമാക്കി. വർഷത്തിൽ 300 ദിവസവും കളിക്കുന്നത് പതിവായിട്ട് എട്ടു വർഷത്തോളമായി. പരിശീലന ക്യാമ്പുകളും നീണ്ട യാത്രകളും ടീമിനെ നിയന്ത്രിക്കുകയും ഇതിന്‍റെ ഭാഗമാണ്. എന്നാല്‍ കളിയില്‍ സജീവമാകുമ്പോഴും ഇടക്കിടെ വിശ്രമം ലഭിക്കുന്നത് ഗുണം ചെയ്യുന്നുണ്ട്. രണ്ട് മൂന്ന് വർഷത്തേക്ക് നിലവിലെ സാഹചര്യം തുടർന്നാല്‍ പ്രശ്‌നമില്ല. എന്നാല്‍ അതിന് ശേഷം 35 വയസാകുമ്പോഴേക്കും ഇത്രയും ജോലി ഭാരം താങ്ങാനാകുമൊ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും കോലി ചൂണ്ടിക്കാട്ടി. 2023ലെ ഏകദിന ലോകകപ്പ് വരെ തന്‍റെ സാന്നിധ്യവും പ്രകടനവും ടീമിന് ഏറെ പ്രധാനമാണെന്നും കോലി പറഞ്ഞു.
ടീം ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായുള്ള രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരക്ക് ഫെബ്രുവരി 21-ന് തുടക്കമാകും. പരമ്പരയുടെ ഭാഗമായുള്ള രണ്ടാമത്തെ ടെസ്റ്റ് ഫെബ്രുവരി 29-ന് ആരംഭിക്കും. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായാണ് പരമ്പര. ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി ഇതേവരെ നടന്ന എല്ലാ പരമ്പരകളും ജയിച്ച ടീം ഇന്ത്യ 360 പോയിന്‍റുമായി ഒന്നാമതാണ്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് 296 പോയിന്‍റും മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 146 പോയിന്‍റുമാണ് ഉള്ളത്. അതേസമയം ആറാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് 60 പോയിന്‍റ് മാത്രമാണ് ഉള്ളത്. നേരത്തെ കിവീസിന് എതിരായ ഏകദിന പരമ്പരയില്‍ ടീം ഇന്ത്യ 3-0ത്തിന് പരാജയപ്പെട്ടിരുന്നു.