ദുബായ്:ഈ വർഷം ഒക്‌ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പിന്‍റെ ഭാവി ചർച്ച ചെയ്യാന്‍ ഐസിസി യോഗം ചേരും. മെയ് 28ന് നടക്കുന്ന യോഗത്തില്‍ ടൂർണമെന്‍റ് മാറ്റിവെക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. മൂന്ന് വഴികളാണ് ഐസിസിക്ക് മുന്നിലുള്ളത്. ഒന്ന് മുന്‍ നിശ്ചയിച്ച പ്രകാരം ടൂർണമെന്‍റ് നടത്തുക. ഇതിനായി കാണികളും താരങ്ങളും ഒഫീഷ്യല്‍സും മറ്റ് വിവധ മേഖലകളില്‍ പ്രവർത്തിക്കുന്നവരുമായ വലിയ സംഘത്തിന് 14 ദിവസത്തെ ക്വാറന്‍റയിന്‍ വേണ്ടിവരും. രണ്ടാമത്തേത്ത് അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്തുക എന്നതാണ്. മൂന്നാമത്തേത് ടൂർണമെന്‍റ് 2022-ലേക്ക് മാറ്റിവെക്കുകയെന്ന സാധ്യതയും. ഈ മൂന്ന് വഴികളും ഐസിസി ഇവന്‍റ്സ് കമ്മിറ്റി മേധാവി ക്രിസ് ടെറ്റ്‌ലി 28ന് നടക്കുന്ന യോഗത്തില്‍ അവതരിപ്പിക്കും. ടി20 ലോകകപ്പ് 2022ലേക്കു മാറ്റിയാല്‍ ബിസിസിഐയ്ക്കും ആശ്വാസമാവും. മുടങ്ങിക്കിടക്കുന്ന ഐപിഎല്‍ ആ സമയത്ത് നടത്താന്‍ ബിസിസിഐക്ക് സാധിച്ചേക്കും.
ടി20 ലോകകപ്പ് മാറ്റിവെച്ചേക്കും; ഐസിസി നിർണായക യോഗം 28ന്
ഒക്‌ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ഓസ്‌ട്രേലിയയിലാണ് നേരത്തെ ലോകകപ്പിന് വേദി നിശ്ചയിച്ചിരുന്നത്
അതേസമയം, ലോകകപ്പിനു തൊട്ടുപിന്നാലെ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്നുണ്ട്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലായിട്ടാണ് ഇന്ത്യന്‍ സംഘത്തിന്‍റെ ഓസിസ് പര്യടനം. ഈ പരമ്പര മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടത്തണമെന്ന് മുന്‍നിര ഓസിസ് താരങ്ങൾ ഉൾപ്പെടെ ആവശ്യപെട്ടിട്ടുണ്ട്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സാമ്പത്തിക കെട്ടുറപ്പിനെ സംബന്ധിച്ചിടത്തോളം പരമ്പര നിർണായകമാണ്. പരമ്പരയിലൂടെ വലിയ സാമ്പത്തികനേട്ടം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അധികൃതർ. ഏതായാലും ക്രിക്കറ്റ് ലോകം ഐസിസി യോഗത്തെ ഉറ്റുനോക്കുകയാണ്.