ന്യൂഡല്‍ഹി:ഉന്നത നിലവാരത്തിലുള്ള മത്സരം ലക്ഷ്യമിട്ടാണ് സൂപ്പർ സീരീസിനായി നീക്കം നടത്തിയതെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ഉള്‍പ്പെടെ നാല് രാജ്യങ്ങളെ ഉൾപ്പെടുത്തികൊണ്ട് ബിസിസിഐ വിഭാവനം ചെയ്‌ത ഏകദിന പരമ്പരയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് ഒരു ശുപാർശ മാത്രമാണ് ഇപ്പോൾ നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സൂപ്പർ സീരീസ്; ഉന്നത നിലവാരം ലക്ഷ്യമിട്ടെന്ന് ഗാംഗുലി
ഉന്നത നിലവാരത്തിലുള്ള മത്സരം ലക്ഷ്യമിട്ടാണ് സൂപ്പർ സീരീസിനായി നീക്കം നടത്തിയതെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി
ഇപ്പോൾ മെല്‍ബണില്‍ നടക്കുന്ന ഓസ്‌ട്രേലിയയും ന്യൂസിലാന്‍റും തമ്മലുള്ള ടെസ്റ്റ് മത്സരം ഇതിന് ഉദാഹരണമാണ്. മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റ് കാണികളുടെ ഹാജർ നിരക്കില്‍ റെക്കോഡുണ്ടാക്കി. ജനങ്ങൾ ഉന്നത നിലവാരത്തിലുള്ള ടൂർണമെന്‍റുകൾ കാണാനാണ് ആഗ്രഹിക്കുന്നത്. 2021-ല്‍ സൂപ്പർ സീരീസ് യാഥാർത്ഥ്യമാക്കണമെങ്കില്‍ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. ഐസിസിയില്‍ നിന്നും ബ്രോഡ്‌കാസ്‌റ്റേഴ്‌സില്‍ നിന്നും ക്ലിയറന്‍സ് നേടണം. പിന്നീട് ഫ്യൂച്ചർ ടൂർ പ്രോഗ്രാമിന്‍റെ പരിഗണനക്ക് വരുമെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.
പരിക്കേറ്റ ഇന്ത്യന്‍ താരങ്ങൾ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ സഹായം തേടണമെന്നും ഗാംഗുലി കൂട്ടിചേർത്തു. കഴിഞ്ഞ ദിവസം രാഹുല്‍ ദ്രാവിഡുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു സാഹചര്യത്തിലും ബോളർമാർ ഉൾപ്പെടെയുള്ള താരങ്ങൾക്ക് മറ്റെവിടെയെങ്കിലും ചികിത്സ തേടണമെങ്കില്‍ അക്കാദമിയെ സമീപിക്കണം. അക്കാദമിയുടെ പ്രവർത്തനം പൂർണതോതിലാകാന്‍ 18 മാസം കൂടി എടുക്കും. പുതിയ സ്ഥലത്ത് നിർമാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. എല്ലാ സൗകര്യങ്ങളോടും കൂടിയാണ് അക്കാദമി യാഥാർത്ഥ്യമാവുകയെന്നും സൗരവ് ഗാംഗുലി പറഞ്ഞു.