ലണ്ടൻ; ഇംഗ്ലീഷ് ക്രിക്കറ്റില്‍ ബെൻ സ്റ്റോക്സ് ആരാണെന്ന് ചോദിച്ചാല്‍ അവരുടെ ലോകകപ്പ് ഹീറോയാണെന്ന് ആരാധകർ പറയും. ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്തതിന് പിന്നാലെ നടന്ന ആഷസ് പരമ്പരയിലും സ്റ്റോക്സ് തന്നെയായായിരുന്നു വീരനായകൻ. അപരാജിത സെഞ്ച്വറിയുമായി കങ്കാരുക്കളെ വിരട്ടിയോടിച്ച സ്റ്റോക്സ് ഇപ്പോഴും ഇംഗ്ലണ്ടില്‍ വാർത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അതിനിടെയിലാണ് ബെൻ സ്റ്റോക്സിന്‍റെ കുടുംബ രഹസ്യങ്ങൾ പുറത്തുവിട്ട സൺ ദിനപത്രത്തിന്‍റെ നടപടി വിവാദമായത്.
ബെൻ സ്റ്റോക്സ് ലോകകപ്പുമായി സ്റ്റോക്സിന്‍റെ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടതോടെ സൺ പത്രം ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി നിരവധി ആരാധകരാണ് രംഗത്ത് എത്തിയത്. ന്യൂസിലൻഡില്‍ വേരുകളുള്ള ബെൻ സ്റ്റോക്സിന്‍റെ അമ്മയുടെ മുൻ കാമുകൻ സ്റ്റോക്സിന്‍റെ സഹോദരനെയും സഹോദരിയേയും കൊലപ്പെടുത്തിയെന്ന വാർത്തയാണ് സൺ പുറത്തുവിട്ടത്.
' സ്റ്റോക്സ് സീക്രട്ട് ട്രാജഡി ' എന്ന പേരില്‍ വന്ന വാർത്തയില്‍ പ്രതിഷേധവുമായി ബെൻ സ്റ്റോക്സ് തന്നെ രംഗത്ത് എത്തിയതോടെ സംഭവം വിവാദമായി. 31 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങൾ ഇപ്പോൾ പുറത്തുവിടുന്നത് മാതാവിന് താങ്ങാവുന്നതിലും അധികമാണെന്നും ജീവിതം മുഴുവൻ ഇത് വേട്ടയാടുമെന്നും സ്റ്റോക്സ് ട്വിറ്ററില്‍ കുറിച്ചു. ഇത്തരം രീതികൾ മാധ്യമപ്രവർത്തനത്തിന്‍റെ അധാർമികവും ഹൃദയശൂന്യവുമാണെന്നും താരം കുറ്റപ്പെടുത്തി. മാധ്യമപ്രതിബദ്ധതയ്ക്കായി പ്രവർത്തിക്കുന്ന സംഘടനകളും സ്റ്റോക്സിന് പിന്തുണയുമായി രംഗത്ത് എത്തി.
എന്നാല്‍ പത്രത്തിന്‍റെ റിപ്പോർട്ടറെ ന്യൂസിലൻഡില്‍ അയച്ചാണ് വാർത്ത ശേഖരിച്ചതെന്നും കുടുംബാംഗങ്ങൾ നല്‍കിയ വിവര പ്രകാരമാണ് വാർത്തയെന്നും സൺ പത്രം പ്രതികരിച്ചു. സ്റ്റോക്സ് ജനിക്കുന്നതിനും മൂന്ന് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം ഇംഗ്ലണ്ടില്‍ വൻ വിവാദങ്ങൾക്കാണ് വഴിതെളിക്കുന്നത്.