ക്രിക്കറ്റിന് എല്ലാക്കാലത്തും അനിശ്ചിതത്വവും അവിശ്വസനീതയും നിലനിർത്താനറിയാം. നാടകീയത നിറഞ്ഞ മത്സരങ്ങളും താരപ്രഭാവവും എല്ലാം ക്രിക്കറ്റിന്‍റെ കൂടെപ്പിറപ്പാണ്. ഒരു വർഷം മുൻപ് പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ട് വിലക്ക് നേരിട്ട താരം ഇനിയൊരിക്കലും ലോക ക്രിക്കറ്റിലേക്ക് മടങ്ങിവരില്ലെന്ന് വിചാരിച്ചവർ നിരവധിയാണ്. പക്ഷേ സ്റ്റീവ് സ്മിത്ത് എന്ന പ്രതിഭാധനനായ കളിക്കാരൻ വിലക്കിനു ശേഷം ക്രീസിലേക്ക് തിരിച്ചെത്തി എന്നതിലല്ല കാര്യം. ഇങ്ങനെയൊരു തിരിച്ചുവരവ് ക്രിക്കറ്റ് ഓസ്ട്രേലിയ പോലും സ്വപ്നം കണ്ടുകാണില്ല എന്നതാണ് സ്മിത്തിനെ വ്യത്യസ്തനാക്കുന്നത്.
സ്റ്റീവ് സ്‌മിത്ത് ; ചാരത്തില്‍ നിന്ന് വീരനായകനിലേക്ക്
സ്റ്റീവ് സ്മിത്ത് എന്ന പ്രതിഭാധനനായ കളിക്കാരൻ വിലക്കിനു ശേഷം ക്രീസിലേക്ക് തിരിച്ചെത്തി എന്നതിലല്ല കാര്യം. ഇങ്ങനെയൊരു തിരിച്ചുവരവ് ക്രിക്കറ്റ് ഓസ്ട്രേലിയ പോലും സ്വപ്നം കണ്ടുകാണില്ല എന്നതാണ് സ്മിത്തിനെ വ്യത്യസ്തനാക്കുന്നത്. ആഷസിലെ ഏഴ് ഇന്നിംഗ്സുകളില്‍ നിന്നായി 110.57 ശരാശരിയില്‍ 774 റൺസാണ് സ്മിത്ത് അടിച്ചുകൂട്ടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാംറാങ്ക് തിരിച്ചുപിടിക്കാൻ സ്മിത്തിന് വേണ്ടി വന്നത് മൂന്ന് ഇന്നിംഗ്സുകൾ മാത്രം
ആക്ഷേപിച്ചവരെയും പരിഹസിച്ചവരെയും സാക്ഷിയാക്കി സ്മിത്ത് പതറാതെ ബാറ്റ് വീശിയപ്പോൾ തകർന്നുവീണത് ഒരുപിടി റെക്കോർഡുകളാണ്. ലോകകപ്പിന് ശേഷം ആഷസ് പരമ്പരയിലേക്ക് എത്തിയപ്പോൾ സ്മിത്ത് വിശ്വരൂപം പുറത്തെടുത്തു. ആഷസിലെ ഏഴ് ഇന്നിംഗ്സുകളില്‍ നിന്നായി 110.57 ശരാശരിയില്‍ 774 റൺസാണ് സ്മിത്ത് അടിച്ചുകൂട്ടിയത്. അതില്‍ ഒരു ഇരട്ട സെഞ്ച്വറിയും രണ്ട് സെഞ്ച്വറികളും രണ്ട് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടും. ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാംറാങ്ക് തിരിച്ചുപിടിക്കാൻ സ്മിത്തിന് വേണ്ടി വന്നത് മൂന്ന് ഇന്നിംഗ്സുകൾ മാത്രം. ഒരു ആഷസ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റൺസ് നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് എത്താനും അദ്ദേഹത്തിനായി.
സാക്ഷാല്‍ ഡോൺ ബ്രാഡ്‌മാന് ഒപ്പമാണ് ഇപ്പോൾ ഓസീസ് ആരാധകർ സ്മിത്തിനെ പ്രതിഷ്ഠിച്ചിട്ടുള്ളത്. സ്റ്റീവ് വോ അടക്കമുള്ള ഓസീസ് താരങ്ങൾ സ്മിത്തിനെ പ്രശംസ കൊണ്ട് മൂടുകയാണ്. ഇംഗ്ലണ്ടില്‍ കൂക്കിവിളികളുമായി വരവേറ്റവർ ആഷസ് പരമ്പര കഴിഞ്ഞ് മടങ്ങുമ്പോൾ സ്മിത്തിനെ അഭിനന്ദനങ്ങൾ കൊണ്ട് ആശീർവദിക്കുകയാണ്.