കൊളംബോ: രാജ്യത്ത ക്രിക്കറ്റ് സീസണ്‍ ജൂലൈയില്‍ പുനരാരംഭിക്കാന്‍ നീക്കം നടത്തി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയുടെയും ബംഗ്ലാദേശിന്‍റെയും ലങ്കന്‍ പര്യടനങ്ങളാണ് ജൂലൈയില്‍ നടക്കുക. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകളുമായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ് സംസാരിച്ചിട്ടുണ്ട്. നിലവില്‍ മറുപടിക്കായി കാത്തിരിക്കുകയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ്. നിലവിലെ സാഹചര്യത്തില്‍ ഇരു പര്യടനങ്ങളും മാറ്റിവച്ചിട്ടിലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ് സിഇഒ ആഷ്‌ലി ഡിസില്‍വ പറഞ്ഞു. അതേസമയം ഇരു ക്രിക്കറ്റ് ബോർഡുകളും ലങ്കന്‍ പര്യടനത്തിന് ഇതേവരെ സന്നദ്ധത അറിയിച്ചിട്ടില്ല.
ക്രിക്കറ്റ് മത്സരങ്ങൾ ജൂലൈയില്‍ പുനരാരംഭിക്കാന്‍ ശ്രീലങ്ക - cricket news
ജൂലൈയില്‍ ഇന്ത്യയുമായും ബംഗ്ലാദേശുമായും ഉള്ള മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള നീക്കങ്ങളാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ് നടത്തുന്നത്
ഇന്ത്യ മൂന്ന് വീതം ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളുമാണ് ലങ്കന്‍ പര്യടനത്തിന്‍റെ ഭാഗമായി കളിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. അതേസമയം ബംഗ്ലാദേശ് ലോക ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി മൂന്ന് ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര കളിക്കാനും ഉദ്ദേശിച്ചിരുന്നു.
നിലവില്‍ ശ്രീലങ്ക സ്വന്തം മണ്ണില്‍ നടക്കാനിരുന്ന രണ്ട് പരമ്പരകളാണ് കൊവിഡ് 19 കാരണം ഉപേക്ഷിച്ചത്. ഇംഗ്ലണ്ടിന് എതിരെ നടക്കാനിരുന്ന ടെസ്റ്റ് പരമ്പരയും ദക്ഷിണാഫ്രിക്കെതിരെ നടക്കാനിരുന്ന നിശ്ചിത ഓവർ പരമ്പരയുമാണ് ഇത്തരത്തില്‍ ഉപേക്ഷിച്ചത്.