റാഞ്ചി: റാഞ്ചി ടെസ്റ്റില്‍ മൂന്നാദിനം ഇന്ത്യക്കെതിരെ സന്ദർശകർ തകർന്നടിയുന്നു. മൂന്നാദിനം അവസാനം വിവരം ലഭിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ട്ടത്തില്‍ 150 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 10 റണ്‍സെടുത്ത ജോർജ് ലിന്‍റെയും നാല് റണ്‍സെടുത്ത ഡാനി പെഡിറ്റുമാണ് നിലവില്‍ ക്രീസിലുള്ളത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ലീഡായ 497നൊപ്പമെത്താന്‍ സന്ദർശകർക്ക് 368 റണ്‍സ് കൂടിവേണം. റണ്‍ ഉയർത്താന്‍ സാധിക്കാത്ത പശ്ചത്തലത്തില്‍ ദക്ഷിണാഫ്രിക്ക ഫോളോഓണ്‍ ഭീഷണി നേരിടുകയാണ്. വാലറ്റം പിടിച്ചുനില്‍ക്കുമെന്ന പ്രതീക്ഷയിലാണ് സന്ദർശകർ.
62 റണ്‍സെടുത്ത സുബൈർ ഹംസ മാത്രമാണ് ഇന്ത്യന്‍ ബോളർമാർക്ക് മുന്നില്‍ അല്‍പ്പമെങ്കിലും പിടിച്ച് നിന്നത്. രവീന്ദ്ര ജഡേജ സുബൈറിനെ ബൗൾഡാക്കുകയായിരുന്നു. ഇന്ത്യന്‍ സ്പിന്നർമാർക്ക് മുന്നില്‍ സന്ദർശകർക്ക് പിടിച്ചുനില്‍ക്കായായില്ല. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജയും ഉമേഷ് യാദവും മുഹമ്മദ് സമിയും രണ്ട് വിക്കറ്റുകൾ വീതവും ഷഹബാസ് നദീമും ഒരു വിക്കറ്റും നേടി. രണ്ടാംദിനം വെളിച്ച കുറവ് കാരണം കളി അവസാനിപ്പിക്കുമ്പോൾ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ട്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയിലായിരുന്നു. ഓപ്പണർമാരായ ക്വിന്‍റണ്‍ ഡിക്കോക്കിന്‍റെയും ഡീന്‍ എല്‍ഗാറിന്‍റെയും വിക്കറ്റുകളാണ് രണ്ടാംദിനം സന്ദർശകർക്ക് നഷ്ട്ടമായത്.
നേരത്തെ ഇന്ത്യ ഓപ്പണർ രോഹിത് ശർമ്മയുടെ ഇരട്ട സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ദക്ഷിണാഫ്രിക്കെതിരെ 497 റണ്‍സിന്‍റെ കൂറ്റന്‍ ലീഡ് നേടിയത്. 225 ബോളിലാണ് രോഹിത് ശർമ്മ 212 റണ്‍സെടുത്തത്. 28 ഫോറും ആറ് സിക്സും ഉൾപെടുന്നതായിരുന്നു രോഹിതിന്‍റെ ടെസ്റ്റ് കരിയറിെല ആദ്യ ഇരട്ട സെഞ്ച്വറി. രോഹിതിനെ കൂടാതെ 192 പന്തില്‍ 115 റണ്‍സെടുത്ത അജിങ്ക്യാ രഹാനയും 51 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും മികച്ച കളിയാണ് പുറത്തെടുത്തത്. ഒമ്പത് വിക്കറ്റ് നഷ്‌ടത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോർ സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളുള്ള പരമ്പര ഏകപക്ഷീയമായ രണ്ട് വിജയങ്ങളിലൂടെ നേരത്തെ ഇന്ത്യ നേടിയിരുന്നു.