കേരളം

kerala

ETV Bharat / sports

ഒരു മത്സരത്തിന്‍റെ പേരില്‍ ധോണിയെ ക്രൂശിക്കരുതെന്ന് സൗരവ് ഗാംഗുലി

ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്‍റെ പേരില്‍ ധോണിയെ വിമര്‍ശിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കർ രംഗത്തെത്തിയിരുന്നു. ഒരു മോശം പ്രകടനത്തിന്‍റെ പേരില്‍ ധോണിയെ ക്രൂശിക്കരുതെന്ന് ഗാംഗുലി

ഒരു മത്സരത്തിന്‍റെ പേരില്‍ ധോണിയെ ക്രൂശിക്കരുതെന്ന് സൗരവ് ഗാംഗുലി

By

Published : Jun 26, 2019, 11:00 AM IST

Updated : Jun 26, 2019, 11:23 AM IST

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യൻ മുൻ നായകൻ എം എസ് ധോണിയുടെ മെല്ലെപ്പോക്കിന്‍റെ പേരില്‍ സച്ചിൻ ടെണ്ടുല്‍ക്കർ വരെ അദ്ദേഹത്തിനെ വിമർശിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമർശനം നേരിടുന്ന ധോണിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ നായകൻ സൗരവ് ഗാംഗുലി. ഒരു മോശം പ്രകടനത്തിന്‍റെ പേരില്‍ ധോണിയെ ക്രൂശിക്കരുതെന്ന് ക്രിക്കറ്റ് ഇതിഹാസം പറഞ്ഞു.

എം എസ് ധോണി

2018ല്‍ നിരവധി തിരിച്ചടികളാണ് ധോണി നേരിട്ടത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധോണിയെ വിമർശിച്ച് ആരാധകരും മുൻ താരങ്ങളുമെത്തിയപ്പോഴും ധോണിയെ പിന്തുണച്ച അപൂർവം ചിലരുടെ കൂട്ടത്തില്‍ ദാദയുമുണ്ടായിരുന്നു. സച്ചിൻ ഉൾപ്പെടെയുള്ളവർ ധോണിക്കെതിരെ തിരിഞ്ഞപ്പോൾ പ്രതിരോധവലയം തീർക്കുകയാണ് ഗാംഗുലി. അഫ്ഗാനിസ്ഥാനെതിരായ മോശം പ്രകടനത്തിന്‍റെ പേരില്‍ മാത്രം ധോണിയെ വിലയിരുത്തുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനെതിരെ 52 പന്തുകളില്‍ നിന്ന് 28 റൺസ് മാത്രമാണ് ധോണി നേടിയത്. ലോകകപ്പ് കഴിഞ്ഞിട്ടില്ലെന്നും ധോണി ഈ ലോകകപ്പില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗാംഗുലി വ്യക്തമാക്കി.

ഗാംഗുലിയെ ടീമില്‍ നിന്ന് പുറത്താക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു എന്ന ആരോപണം ധോണിയ്ക്കുണ്ട്. ടീമിലെ മൂന്ന് മുതിർന്ന താരങ്ങൾ ഫീല്‍ഡില്‍ ടീമിന് ബാധ്യതയാകുന്നു എന്ന് ചൂണ്ടിക്കാട്ടി ധോണി അന്ന് എടുത്ത നിലപാടുകളും വാർത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. എന്നിട്ടും ഫോം മങ്ങി നിന്ന ധോണി ഇന്ത്യൻ ടീമിലുണ്ടാകണമെന്ന് ഗാംഗുലി പറഞ്ഞു. കഴിവുണ്ടെങ്കില്‍ പ്രായം ഒരു ഘടകമല്ലെന്നാണ് അതിന് കാരണമായി ഗാംഗുലി പറഞ്ഞത്.

Last Updated : Jun 26, 2019, 11:23 AM IST

ABOUT THE AUTHOR

...view details