കേരളം

kerala

ETV Bharat / sports

കുശാൽ പെരേരയുടെ ബാറ്റിംഗ് കരുത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ലങ്കക്ക് ജയം

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സ് കാഴ്ച്ചവെച്ചാണ് പെരേര ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്കക്ക് ജയം നേടിക്കൊടുത്തത്. ജയത്തോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ലങ്ക 1-0 ന് മുന്നിലെത്തി

Kushal perera

By

Published : Feb 17, 2019, 1:06 PM IST

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കുശാല്‍ പെരേരയുടെ തകർപ്പൻ പ്രകടനത്തിൽ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കക്ക് ഒരു വിക്കറ്റ് ജയം. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഇന്നിംഗ്സുകളിലൊന്നാണ് ദക്ഷിണാഫ്രിക്കക്കെതിരെ കാഴ്ച്ചവെച്ചത്.

സെഞ്ചുറിയുമായി (153) പിടിച്ചു നിന്ന പെരേര വാലറ്റക്കാരെ കൂട്ടുപ്പിടിച്ച് നടത്തിയ പോരാട്ടത്തില്‍ ഒരു വിക്കറ്റിനായിരുന്നു ലങ്കയുടെ വിജയം. പത്താം വിക്കറ്റില്‍ വിശ്വ ഫെര്‍ണാണ്ടോയുമൊത്ത് നേടിയ 78 റണ്‍സാണ് ലങ്കയ്ക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വിജയമൊരുക്കിയത്.

സ്‌കോര്‍: ദക്ഷിണാഫ്രിക്ക 235 & 259. ശ്രീലങ്ക 191 & 304/9.

ടെസ്റ്റ് ക്രിക്കറ്റിലെ ആവേശകരമായ വിജയത്തിലൊന്നാണ് ശ്രീലങ്ക സ്വന്തമാക്കിയത്. 305 റണ്‍സായിരുന്നു സന്ദര്‍ശകരായ ലങ്കയുടെ വിജയലക്ഷ്യം. നാലാം ദിനം മൂന്നിന് 83 എന്ന നിലയിലാണ് ലങ്ക കളി ആരംഭിച്ചത്. എന്നാല്‍ 37 റൺസെടുത്ത ഒഷാഡോ ഫെര്‍ണാണ്ടോയെ തുടക്കത്തില്‍ തന്നെ സന്ദർശകർക്ക് നഷ്ടമായി. പിന്നാലെ എത്തിയ നിരോഷന്‍ ഡിക്‌വെല്ല പൂജ്യത്തിനു പുറത്തായി. എന്നാൽ പിന്നീടെത്തിയ ധനഞ്ജയയുടെ ഇന്നിംഗ്സ് (48) ലങ്കക്ക് ആശ്വാസം പകര്‍ന്നു. ഇരുവരും ചേർന്ന് 96 റണ്‍സ് സ്കോറിനോട് ചേർത്തു. എന്നാല്‍ ധനഞ്ജയയെ വിക്കറ്റിന് മുന്നില്‍ കുടുക്കി കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. സുരംഗ ലക്മല്‍ (0), ലസിത് എംബുല്‍ഡെനിയ (4), കശുന്‍ രജിത (1) എന്നിവരെ പുറത്താക്കി ദക്ഷിണാഫ്രിക്ക ജയത്തിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചു.

എന്നാല്‍ പിന്നീടാണ് ലങ്കയുടെ പോരാട്ട വീര്യം ദക്ഷിണാഫ്രിക്ക കണ്ടത്. പതിനൊന്നാമനായി ഇറങ്ങിയ വിശ്വ ഫെര്‍ണാണ്ടോയുമൊത്ത് 78 റണ്‍സിന്‍റെ കൂട്ടുക്കെട്ട് പെരേര നേടി. ഇതിൽ ആറ് റൺസ് മാത്രമാണ് ഫെർണാണ്ടോയുടെ സമ്പാദ്യം. ഈ കൂട്ടുകെട്ട് ലങ്കക്ക് ജയം സമ്മാനിക്കുകയായിരുന്നു. അഞ്ച് സിക്‌സും 12 ഫോറും അടങ്ങുന്നതായിരുന്നു പെരേയുടെ ഇന്നിംഗ്സ്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി മഹാരാജ് മൂന്ന് വിക്കറ്റെടുത്തു. സ്റ്റെയ്ന്‍, ഡുവാന്നെ ഒലിവര്‍ എന്നിവര്‍ക്ക് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ലസിത് എംബുള്‍ഡെനിയയുടെ അഞ്ച് വിക്കറ്റും വിശ്വ ഫെര്‍ണാണ്ടോയുടെ നാല് വിക്കറ്റുമാണ് രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ 259 റൺസിൽ ഒതുക്കിയത്. 90 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. ക്വിന്‍റൺ ഡി കോക്ക് 55 റണ്‍സെടുത്ത് പുറത്തായി. പിന്നീടാര്‍ക്കും പൊരുതാന്‍ പോലും സാധിച്ചില്ല.

ABOUT THE AUTHOR

...view details