ധാക്ക:മുന്‍ ക്രിക്കറ്റ് ടീം നായകന്‍ മുഷ്‌ഫിക്കുർ റഹീം ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്നത് വിലക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. കൊവിഡ് 19 പശ്ചാത്തലത്തില്‍ മിർപൂരിലെ ഷേർ ബാംഗ്ല സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്നതിനാണ് ബോർഡിന്‍റെ വിലക്ക്. കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി മിർപൂരിലെ അണു നശീകരണ പ്രവർത്തനങ്ങൾ പൂർത്തിയായില്ലെന്ന് അധികൃതർ പറഞ്ഞു. ഐസിസി മാർഗ നിർദ്ദേശങ്ങൾ അനുസരിച്ചെ പരിശീലനം പുനരാരംഭിക്കാനാകൂ എന്ന നിലപാടിലാണ് ബിസിബി.
ഷേർ ബാംഗ്ല സ്റ്റേഡിയത്തില്‍ പരിശീലനത്തിന് വിലക്ക്
മിർപൂരിലെ ഷേർ ബാംഗ്ല സ്റ്റേഡിയത്തില്‍ പരിശീലനം നടത്താന്‍ മുന്‍ ക്രിക്കറ്റ് ടീം നായകന്‍ മുഷ്‌ഫിക്കുർ റഹീം ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ ശ്രമിച്ചതാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വിലക്കിയത്.
മുഷ്‌ഫിക്കുർ റഹീം
അതേസമയം ക്രിക്കറ്റ് താരങ്ങൾക്ക് വീട്ടില്‍ വെച്ച് പരിശീലനം നടത്താന്‍ ആവശ്യമായ പദ്ധതി രൂപീകരിക്കാന്‍ തയാറാണെന്ന് ബോർഡിന്‍റെ ചീഫ് ഫിസിഷ്യന്‍ ദേബാശിഷ് ചൗധരി പറഞ്ഞു. കൊവിഡ് 19 വ്യാപനത്തിന്‍റെ തോതിനനുസരിച്ച് മാത്രമെ പരിശീലനം ഏത് വേദിയില്‍ പുനരാരംഭിക്കണമെന്ന് തീരുമാനിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശില്‍ ഇതിനകം കൊവിഡ് 19 ബാധിച്ച് 746 പേർ മരിച്ചു. 55,000 പേർക്ക് വൈറസ് സ്ഥിരീകരിച്ചു.