ന്യൂഡല്‍ഹി: കൊവിഡ് 19 പശ്ചാത്തലത്തില്‍ അനുമതി വാങ്ങാതെ ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങിയ ഇന്ത്യന്‍ താരം ശര്‍ദ്ദുല്‍ ഠാക്കൂറിന്‍റെ നടപടിയില്‍ ബിസിസിഐക്ക് അതൃപ്‌തി. നാലാംഘട്ട ലോക്‌ഡൗണില്‍ സ്‌പോർട്‌സ് കോംപ്ലക്‌സുകളും സ്റ്റേഡിയങ്ങളും തുറക്കാമെന്ന കേന്ദ്ര നിര്‍ദേശം വന്നതിന് പിന്നാലെയാണ് ശർദ്ദുല്‍ പരിശീലനം നടത്തിയത്. ഇതോടെ തുറന്ന ഗ്രൗണ്ടില്‍ പരിശീലനം പുനരാരംഭിക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് താരമായും ശർദ്ദുല്‍ മാറി. എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചായിരുന്നു പരിശീലനം.
അനുമതി വാങ്ങാതെ ശർദ്ദുലിന്‍റെ പരിശീലനം; ബിസിസിഐക്ക് അതൃപ്‌തി - ശർദ്ദുല്‍ പരിശീലനം വാർത്ത
മഹാരാഷ്‌ട്രയിലെ റെഡ് സോണിലല്ലാത്ത പാല്‍ഘര്‍ ജില്ലയിലെ ജില്ലാ സ്‌പോർട്‌സ് അസോസിയേഷന്‍ ഗ്രൗണ്ടിലായിരുന്നു ഇന്ത്യന്‍ താരം ശര്‍ദ്ദുല്‍ ഠാക്കൂർ പരിശീലനം നടത്തിയത്
എന്നാല്‍ ബോർഡിന്‍റെ അനുമതി തേടാതെ വാര്‍ഷിക കരാറുള്ളയാൾ വ്യക്തിഗത പരിശീലനം പുനരാരംഭിച്ചതിലാണ് ബിസിസിഐക്ക് അതൃപ്‌തി. ബിസിസിഐ പച്ചക്കൊടി കാണിച്ചാലെ നിലവില്‍ ഇത്തരം താരങ്ങൾക്ക് പരിശീലനം വീണ്ടും തുടങ്ങാന്‍ സാധിക്കൂ. ബിസിസിഐയുടെ സി ഗ്രേഡ് കോണ്‍ട്രാക്‌ട് താരമാണ് ശർദ്ദുല്‍.
ക്യാപ്റ്റന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മയും ശ്രേയസ് അയ്യരും ഇപ്പോള്‍ മുംബൈയിലുണ്ടെങ്കിലും ഇവരാരും ഇതുവരെ ഗ്രൗണ്ടിലിറങ്ങി പരിശീലനം നടത്തിയിട്ടില്ല. കൂടാതെ ഇന്ത്യയില്‍ കൊവിഡ് 19 വന്‍തോതില്‍ പടർന്നു പിടിക്കുന്ന മഹാരാഷ്‌ട്രയിലാണ് ശർദ്ദുല്‍ താമസിക്കുന്നത്. റെഡ് സോണിലല്ലാത്ത പാല്‍ഘര്‍ ജില്ലയിലെ ജില്ലാ സ്‌പോർട്‌സ് അസോസിയേഷന്‍റെ ഗ്രൗണ്ടിലായിരുന്നു അദ്ദേഹത്തിന്‍റെ പരിശീലനം. നെറ്റ്സില്‍ ബൗളിംഗ് പരിശീലനം നടത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു. ഐസിസിയുടെ ഉമിനീർ വിലക്ക് പാലിച്ചുവെന്നാണ് ഷര്‍ദ്ദുല്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഏതായാലും സംഭവം ബിസിസിഐ ഗൗരവത്തോടെ എടുക്കാനാണ് സാധ്യത.