ഇന്ത്യൻ ക്രിക്കറ്റ് കണ്ട സമാനതകളില്ലാത്ത ക്യാപ്റ്റൻ, ഓഫ് സൈഡിന്‍റെ രാജകുമാരൻ, ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ ദിശാബോധം നല്‍കിയ, ഇന്ത്യൻ ടീമിനെ "ടീം ഇന്ത്യ" ആക്കിയ നായകൻ- സൗരവ് ഗാംഗുലി. ബംഗാൾ കടുവ, കൊൽകത്തയുടെ രാജകുമാരൻ അങ്ങനെ വിശേഷണങ്ങളും വിളിപ്പേരുകളും അനവധിയാണ് ഗാംഗുലിക്ക്. പക്ഷെ ഇന്ത്യക്കാർക്കിടയിൽ എന്നും അദ്ദേഹം അവരുടെ സ്വന്തം ദാദയാണ്. ദാദയെന്ന വികാരമാണ്. വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഗാംഗുലിയെന്ന ദാദയ്ക്ക് ഇന്നും ആരാധക മനസിൽ പത്തരമാറ്റ് ശോഭയാണ്. ക്രിക്കറ്റ് എന്ന മതത്തിലെ മഹാരഥൻമാരിലൊരാളായ ദാദയ്ക്ക് ഇന്ന് നാല്‍പ്പത്തിയേഴാം പിറന്നാൾ.
അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഒരുപാടുണ്ടാകും, പക്ഷേ അദ്ദേഹത്തെ ബഹുമാനിക്കാത്തവർ വളരെ വിരളമാണ്. എത്ര വലിയ പ്രതികൂല സാഹചര്യത്തിലും പരാജയങ്ങളുടെയും വിമർശനങ്ങളുടെയും ഭയമില്ലാതെ പ്രതിസന്ധികളെ നേരിടാൻ ദാദ നടത്തിയ പോരാട്ടങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ഉള്ളിടത്തോളം കാലം നിലനിൽക്കുന്നവയാണ്.