ഹൈദരാബാദ്:നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഉമിനീര്‍ വിലക്കിന്‍റെ സ്വാധീനം ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ സ്പിന്നര്‍ രാഹുല്‍ ചാഹര്‍. ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചാഹര്‍. അതേസമയം ടെസ്റ്റ് ക്രിക്കറ്റില്‍ വിലക്ക് മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിക്കറ്റ് നേടണമെങ്കില്‍ ടെസ്റ്റില്‍ പന്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കണമെന്നും രാഹുല്‍ പറഞ്ഞു.
കൊവിഡ് 19-നെ തുടര്‍ന്ന് അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം നടത്തിയാല്‍ അന്താരാഷട്ര മത്സരങ്ങള്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ പോലെയാകുമെന്നും രാഹുല്‍ ചാഹര്‍ കൂട്ടിച്ചേര്‍ത്തു. കാണികളുണ്ടെങ്കില്‍ മത്സരം കൂടുതല്‍ ആവേശം നിറഞ്ഞതായി മാറും. ഇല്ലെങ്കില്‍ ആര് ജയിക്കുമെന്ന കാര്യത്തിലെ ആകാംക്ഷ പോലും കുറഞ്ഞു പോകുമെന്നും അദ്ദേഹം പറഞ്ഞു.
ക്യാപ്റ്റനെന്ന നിലയില്‍ കോലിയും രോഹിതും ഒരുപോലെ
നായകന്‍മാരെന്ന നിലയില്‍ വരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും രാഹുല്‍ ചാഹര്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍ രോഹിത് ശര്‍മും വളര്‍ന്നുവരുന്ന യുവതാരങ്ങളെ സഹോദരങ്ങളായി കാണുന്നു. ഈ സമീപനം ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ഇരുവരും ടീമിന്റെ ജയത്തിന് വേണ്ടിയാണ് പ്രയത്‌നിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗണില്‍ ലോക്കായില്ല
ലോക്ക് ഡൗണ്‍ പരിശീലനത്തെ കാര്യമായി ബാധിച്ചിലെന്നും രാഹുല്‍ പറയുന്നു. സ്വന്തമായി മൈതാനമുള്ളതിനാല്‍ തടസമില്ലാതെ പതിവായി പരിശീലനം നടത്താന്‍ സാധിക്കുന്നു. പുലര്‍ച്ചെ എഴുന്നേറ്റ് രാവിലെ പരിശീലനം ആരംഭിക്കും. പിന്നീട് വൈകീട്ടും പരിശീലിക്കുമെന്നും രാഹുല്‍.
2019-ല്‍ വെന്‍സ്റ്റ് ഇന്‍ഡീസിന് എതിരെയാണ് രാഹുല്‍ ചാഹറെന്ന സ്പിന്നര്‍ അന്താരഷ്ട്ര ക്രിക്കറില്‍ വരവറിയിച്ചത്. പിന്നീട് അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ സ്പിന്‍ സെന്‍സേഷനാണ് രാഹുല്‍. ഐപിഎല്ലിലെ 12-ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരായ ഫൈനലില്‍ നാല് ഓവറില്‍ 14 റണ്‍സ് മാത്രമാണ് രാഹുല്‍ വിട്ടുനല്‍കിയത്. ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. വിവിധ മത്സരങ്ങളിലെ പ്രകടനത്തിന് ഗെയിം ചെയ്ഞ്ചര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരവും രാഹുല്‍ ചാഹറിന് ലഭിച്ചു.