സിഡ്‌നി: ഐപിഎല്ലിനിടെ പരിക്കേറ്റ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനായ വൃദ്ധിമാൻ സാഹ ബുധനാഴ്‌ച സിഡ്‌നിയില്‍ പരിശീലനം പുനരാരംഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം സാഹ പരിശീലനം നടത്തുന്ന ദൃശ്യം ബിസിസിഐ ട്വീറ്റ് ചെയ്‌തു. ആരാണ് ഇന്ന് നെറ്റ്‌സില്‍ ബാറ്റ്ചെയ്യുന്നതെന്ന തലക്കെട്ടോടെയാണ് ട്വീറ്റ്.
അതേസമയം സാഹ ഫിറ്റ്നസ് വീണ്ടെടുത്തോ എന്ന് പ്രതികരിക്കാന്‍ ബിസിസഐ തയ്യാറായിട്ടില്ല. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ടീമിലാണ് സാഹ ഇടംനേടിയത്. നാല് മത്സരങ്ങളുള്ള പരമ്പര ഡിസംബര്‍ 17ന് അഡ്‌ലെയ്‌ഡില്‍ ആരംഭിക്കും. ആദ്യ മത്സരം ഡേ-നൈറ്റ് ടെസ്റ്റാണെന്ന പ്രത്യേകതയുമുണ്ട്.
ഈ മാസം മൂന്നിന് മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ മത്സരത്തിനിടെയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് താരം സാഹക്ക് പരിക്കേറ്റത്. ഐപിഎല്ലിൽ പരിമിത അവസരങ്ങൾ മാത്രം ലഭിച്ച സാഹ എസ്‌ആർഎച്ചിനായി നാല് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. രണ്ട് അർധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 71.33 ശരാശരിയില്‍ 214 റൺസ് സാഹ 13ാം സീസണില്‍ അക്കൗണ്ടില്‍ ചേര്‍ത്തു.
നേരത്തെ സാഹയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ അദ്ദേഹത്തിന്‍റെ ശാരീരികക്ഷമത സംബന്ധിച്ച തീരുമാനം പിന്നീട് എടുക്കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഐപിഎല്ലിന് ശേഷം ഈ മാസം 12-നാണ് ഇന്ത്യൻ സംഘം സിഡ്‌നിയിലെത്തിയത്. രണ്ടാഴ്‌ചത്തെ ക്വാറന്‍റൈന് ശേഷമെ ടീം അംഗങ്ങള്‍ പര്യടനം ആരംഭിക്കൂ. നേരത്തെ കൊവിഡ് നെഗറ്റീവെന്ന് സ്ഥിരീകരിച്ച ശേഷം ടീം അംഗങ്ങള്‍ ഈ മാസം 14 മുതൽ ടീം പരിശീലനം പുനരാരംഭിച്ചിരുന്നു.