ന്യൂഡല്‍ഹി:ക്രിക്കറ്റില്‍ നിന്നും സച്ചിന്‍റെ വിടവാങ്ങല്‍ ലോകത്തെ കോടിക്കണക്കിന് ആരാധകരില്‍ വലിയ നൊമ്പരങ്ങളാണ് ഉണ്ടാക്കിയത്. ആ നിമിഷങ്ങള്‍ എതിരാളികളുടെ ഉള്ളില്‍ പോലും വിങ്ങലുണ്ടാക്കി. 2013-ല്‍ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ തന്‍റെ 200-ാം ടെസ്റ്റ് കളിച്ച ശേഷം സച്ചിന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തുമ്പോള്‍ എതിരാളികളായ വിന്‍ഡീസ് താരങ്ങള്‍ പോലും വികാരാധീനരായി. അന്ന് ടീമിനൊപ്പമുണ്ടായിരുന്ന വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കിര്‍ക് എഡ്വാര്‍ഡ്‌സും ഓപ്പണ്‍ ക്രിസ് ഗെയിലും കണ്ണീര്‍ പൊഴിച്ചു. സാമൂഹ്യമാധ്യമത്തിലൂടെ നല്‍കിയ അഭിമുഖത്തില്‍ എഡ്വാര്‍ഡ്‌സ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സച്ചിന്‍റെ വിടവാങ്ങല്‍ പ്രസംഗം കേട്ട് കണ്ണീരണിഞ്ഞു: വിൻഡീസ് താരം എഡ്വാര്‍ഡ്‌സ്
മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ തന്‍റെ 200-ാം ടെസ്റ്റ് മത്സരം കളിച്ച ശേഷമാണ് സച്ചിന്‍ പാഡഴിച്ചത്. അന്ന് സച്ചിന്‍റെ പ്രശസ്തമായ വിടവാങ്ങല്‍ പ്രസംഗം കേട്ട് കണ്ണീര്‍ പൊഴിച്ചെന്ന് പറയുകയാണ് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കിര്‍ക് എഡ്വാര്‍ഡ്‌സ്.
200-ാം ടെസ്റ്റില്‍ അന്ന് ഞാനും ആ ഗ്രൗണ്ടിലുണ്ടായിരുന്നു. എഡ്വാര്‍ഡ് പറയുന്നു. തന്നെ സംബന്ധിച്ചോളം ഏറെ വൈകാരികമായ നിമിഷമായിരുന്നു. ഞാന്‍ കരഞ്ഞുപോയി. സമീപത്തുണ്ടായിരുന്ന ക്രിസ് ഗെയിലും അതേ അവസ്ഥയിലായിരുന്നു. ക്രിക്കറ്റില്‍ ഇനി ഒരിക്കലും സച്ചിനില്ലെന്ന സത്യം അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നു.
സച്ചിന്‍റെ അവസാനത്തെ ടെസ്റ്റില്‍ വിന്‍ഡീസിനെ ഇന്നിങ്‌സിനും 126 റണ്‍സിനുമാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ സച്ചിന്‍ അര്‍ദ്ധ സെഞ്ച്വറിയോടെ 74 റണ്‍സെടുത്തപ്പോള്‍ ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ എന്നിവര്‍ സെഞ്ച്വറി നേടി.