സതാംപ്‌ടണ്‍: ലോകകപ്പില്‍ ഇന്നലെ അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുല്‍ക്കർ. അഫ്‌ഗാനെതിരെ ഇന്ത്യ ഉയർത്തിയത് ചെറിയ വിജയലക്ഷ്യമായിരുന്നുവെങ്കിലും മത്സരത്തിലെ ഒരു ഘട്ടത്തില്‍ പോലും കോഹ്‌ലിയുടെ മുഖത്ത് ആശങ്കയുണ്ടായിരുന്നില്ലെന്നും അത് ഇന്ത്യയുടെ വിജയത്തിന് ഗുണം ചെയ്തെന്നും സച്ചിൻ പറഞ്ഞു.
"നായകൻ എന്ന നിലയില്‍ വിരാട് മികച്ചുനില്‍ക്കുന്നു. ഡോട്ട് ബോളുകൾ എറിഞ്ഞാല്‍ അഫ്‌ഗാനിസ്ഥാൻ ബാറ്റ്സ്‌മാന്‍മാര്‍ പ്രതിരോധത്തില്‍ ആകുമെന്ന് വിരാടിന് അറിയാമായിരുന്നു. കൃത്യമായ ബൗളിങ് മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞതും ഇന്ത്യയുടെ വിജയത്തിന് ഗുണം ചെയ്തു" സച്ചിൻ പറഞ്ഞു.
അതേസമയം ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്‌മാന്‍മാരുടെ പ്രകടനം സച്ചിന് സന്തോഷം പകരുന്നതല്ല. മധ്യഓവറുകളിലെ കുറഞ്ഞ റൺ നിരക്കിന് എം എസ് ധോണി - കേദാർ ജാദവ് സഖ്യത്തെ സച്ചിൻ വിമർശിക്കുകയും ചെയ്തു. അഫ്‌ഗാൻ സ്‌പിന്നര്‍മാരെ വളരെ പതുക്കെയാണ് ധോണിയും ജാദവും നേരിട്ടതെന്നും അത് തന്നെ നിരാശനാക്കിയെന്നും സച്ചിൻ പറഞ്ഞു. സ്‌പിന്നിര്‍മാര്‍ എറിഞ്ഞ 34 ഓവറില്‍ 119 റൺസ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. അഞ്ചാംവിക്കറ്റില്‍ 84 പന്തില്‍ നിന്ന് 57 റൺസ് മാത്രമാണ് ധോണിയും ജാദവും കൂട്ടിചേർത്തത്.
50 ഓവർ അവസാനിച്ചപ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 224 റൺസ് മാത്രമാണ് ഇന്ത്യ നേടിയത്. 67 റൺസെടുത്ത ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയാണ് ടോപ് സ്കോറർ. മറുപടി ബാറ്റിങില്‍ അഫ്‌ഗാൻ 213 റൺസിന് പുറത്തായി. ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. അവസാന ഓവറിലെ ഹാട്രിക്ക് അടക്കം നാല് വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ബുമ്ര, കുല്‍ദീപ്, ഹാർദ്ദിക് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.