സതാംപ്‌റ്റണ്‍: ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മഴയില്‍ മുങ്ങി. സതാംപ്റ്റണില്‍ നാലുദിവസവും മഴക്കളിയായിരുന്നു. റോസ ബൗള്‍ ടെസ്റ്റില്‍ നാല് ദിവസത്തിനിടെ 96 ഓവര്‍ മാത്രമെ എറിയാനായുള്ളൂ. മൂന്നാം ദിവസം ഒരു പന്തുപോലും എറിയാന്‍ സാധിച്ചില്ല. നാലാം ദിവസം അവസാനം വിവരം ലഭിക്കുമ്പോള്‍ ഒന്നാം ഇന്നിങ്സില്‍ മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്‌ടത്തില്‍ റണ്ണൊന്നും എടുക്കാതെ ഓപ്പണര്‍ റോറി ബേണ്‍സാണ് പുറത്തായത്. ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ തന്നെ ബേണ്‍സ് കൂടാരം കയറി. ഷഹീന്‍ഷാ അഫ്രീദിയുടെ പന്തില്‍ അസദ് ഷഫീക്കിന് ക്യാച്ച് വഴങ്ങിയാണ് ബേണ്‍സ് ഔട്ടായത്. രണ്ട് റണ്‍സെടുത്ത ഓപ്പണര്‍ ഡോം സിബ്ലിയും അഞ്ച് റണ്‍സെടുത്ത സാക്ക് ക്രൗളിയുമാണ് ക്രീസില്‍. മഴ കാരണം മത്സരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.
മഴയില്‍ മുങ്ങി റോസ്ബൗള്‍ ടെസ്റ്റ്; ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്‌ടം - rose bowl test news
നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട ഒരു വിക്കറ്റ് നഷ്‌ടത്തില്‍ ഏഴ് റണ്‍സെടുത്തു
നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ആദ്യ ഇന്നിങ്ങ്സില്‍ 236 റണ്‍സെടുത്തു. അര്‍ദ്ധസെഞ്ച്വറിയോടെ 72 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാന്‍റെ പിന്‍ബലത്തിലാണ് അസര്‍ അലിയും കൂട്ടരും സ്‌കോര്‍ ബോഡില്‍ 200 റണ്‍സ് കടന്നത്. ഇംഗ്ലീഷ് പേസ് ആക്രമണത്തിന് മുന്നില്‍ റിസ്‌വാനെ കൂടാതെ അര്‍ദ്ധസെഞ്ച്വറിയോടെ 60 റണ്‍സെടുത്ത ഓപ്പണര്‍ ആബിദ് അലിയും 47 റണ്‍സെടുത്ത ബാബര്‍ അസമും 20 റണ്‍സെടുത്ത നായകന്‍ അസര്‍ അലിയും മാത്രമാണ് പിടിച്ചുനിന്നത്. ശേഷിച്ചവര്‍ക്കാര്‍ക്കും രണ്ടക്കം കടക്കാന്‍ പോലും സാധിച്ചില്ല.
റിസ്‌വാനാണ് പാക്ക് നിരയിലെ ടോപ്പ് സ്‌കോറര്‍. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡ് നാലും ജെയിംസ് ആന്റേഴ്‌സണ്‍ മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി. സാം കുറാന്‍, ക്രിസ് വോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് ആതിഥേയര്‍ മൂന്ന് വിക്കറ്റിന് സ്വന്തമാക്കിയിരുന്നു.