ഈഡന് ഗാര്‍ഡനില്‍ പിങ്ക് വസന്തം അലയടിച്ചതിന്‍റെ ഓര്‍മകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ്. ഒരു വര്‍ഷം മുമ്പ് കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യയുടെ പ്രഥമ പകല്‍ രാത്രി ടെസ്റ്റ് മത്സരം ടീം ഇന്ത്യയ്ക്കും ആരാധകർക്കും മധുരമുള്ള ഓർമകളാണ്. എതിരാളികളായ ബംഗ്ലാദേശിന് മേല്‍ സമ്പൂര്‍ണ ആധിപത്യം കാഴ്ചവെച്ച ടീം ഇന്ത്യ ഇന്നിങ്ങ്‌സിനും 46 റണ്‍സിനുമാണ് ജയിച്ചത്. 2019 നവംബര്‍ 22ന് ആരംഭിച്ച ഡേ നൈറ്റ് ടെസ്റ്റ് മൂന്ന് ദിവസം മാത്രമെ നീണ്ടുനിന്നുള്ളൂ. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഇരുകൈയ്യും നീട്ടി മത്സരത്തെ സ്വീകരിച്ചപ്പോള്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയം ജനസാഗരമായി. ഇന്ത്യയില്‍ ടെസ്റ്റ് ക്രിക്കറ്റിന്‍റെ സ്വീകാര്യതക്ക് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് ആ മൂന്ന് ദിന രാത്രങ്ങള്‍ തെളിയിച്ചു.
ലോകം പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കാന്‍ തുടങ്ങി നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടീം ഇന്ത്യ ആദ്യത്തെ പകല്‍ രാത്രി ടെസ്റ്റിന് തയ്യാറായത്. 2015 നവംബറില്‍ അഡ്‌ലെയ്‌ഡില്‍ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലായിരുന്നു ആദ്യ മത്സരം. ക്രിക്കറ്റിന്‍റെ പുതിയ പതിപ്പിന് ഇന്ത്യയില്‍ തുടക്കം കുറിക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ചത് സൗരവ് ഗാംഗുലിയായിരുന്നു. കൊല്‍ക്കത്തയുടെ രാജകുമാരന്‍ ബിസിസിഐയുടെ അമരത്ത് എത്തിയ ശേഷമുള്ള ആദ്യ തീരുമാനങ്ങളില്‍ ഒന്നായിരുന്നു പിങ്ക് ബോള്‍ ടെസ്റ്റ്. നായകനായപ്പോഴെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നില്‍ നിന്ന് നയിച്ച ഗാംഗുലിക്ക് പിഴച്ചില്ലെന്ന് മാത്രമല്ല ബിസിസിഐ പ്രസിഡന്‍റ് എന്ന നിലയില്‍ സാധ്യതകളുടെ വാതായനങ്ങള്‍ തുറന്നിടാനും അദ്ദേഹത്തിന് സാധിച്ചു.
കൊവിഡ് മഹാമാരിയെ ക്രിക്കറ്റ് ലോകം അതിജീവിക്കുമ്പോൾ വിദേശ മണ്ണില്‍ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഈ വര്‍ഷം അവസാനം ഡിസംബറില്‍ അഡ്‌ലെയ്‌ഡില്‍ ഓസ്‌ട്രേലിയക്ക് എതിരെയാണ് കോലിയും കൂട്ടരും അടുത്ത പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുക.
റെക്കോഡുകള്‍ സമ്മാനിച്ച് പിങ്ക് ബോള്‍
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് സഹീനയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ചേര്‍ന്ന് മണിമുഴക്കികൊണ്ടാണ് ഇന്ത്യയില്‍ പിങ്ക് ബോള്‍ ടെസ്റ്റിന് തുടക്കം കുറിച്ചത്. ഈ മത്സര ജയത്തോടെ തുടര്‍ച്ചയായി നാല് ടെസ്റ്റുകളില്‍ ഇന്നിങ്ങ്സ് ജയം സ്വന്തമാക്കുന്ന ആദ്യ ടീമെന്ന റെക്കോഡ് കോലിയും കൂട്ടരും സ്വന്തമാക്കി. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് ഇന്‍ഡോറില്‍ ടീം ഇന്ത്യ ഇന്നിങ്ങ്സിനും 130 റണ്‍സിനും വിജയിച്ചിരുന്നു. അതിന് മുമ്പ് ദക്ഷിണാഫ്രിക്കെതിരായ ടെസ്റ്റില്‍ 202 റണ്‍സിന്‍റെയും 137 റണ്‍സിന്‍റെയും ഇന്നിങ്ങ്‌സ് ജയം സ്വന്തമാക്കി.