കറാച്ചി: ഉമർ അക്‌മലിന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിന്‍റെ വിലക്ക്. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റില്‍ നിന്നും മൂന്ന് വർഷത്തേക്കാണ് പാക് താരത്തെ ബോർഡ് വിലക്കിയത്. അഴിമതി വിരുദ്ധ അന്വേഷണത്തെ തുടർന്ന് അച്ചടക്ക സമിതിയുടേതാണ് നടപടിയെന്ന് പിസിബി ട്വീറ്റ് ചെയ്‌തു. അതേസമയം താരത്തിന് എതിരെ നടപടി എടുക്കാനുള്ള വ്യക്തമായ കാരണം പിസിബി വെളിപ്പെടുത്തിയിട്ടില്ല.
പാക് താരം ഉമർ അക്‌മലിന് മൂന്ന് വർഷത്തെ വിലക്ക്
അഴിമതി വിരുദ്ധ അന്വേഷണത്തെ തുടർന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിന്‍റെ അച്ചടക്ക സമിതിയുടെതാണ് നടപടി
നേരത്തെ അക്‌മലിനെ പിസിബി സസ്‌പെന്‍റ് ചെയ്‌തതിനെ തുടർന്ന് 2020 സീസണിലെ പാകിസ്ഥാന്‍ സൂപ്പർ ലീഗില്‍ താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. പിഎസ്എല്ലില്‍ ക്വേട്ടാ ഗ്ലാഡിയേറ്റേഴ്‌സിന് വേണ്ടി കളിക്കാനിരിക്കെ കഴിഞ്ഞ ഫെബ്രുവരി 20-ാം തീയതിയാണ് താരത്തിന്‍ സസ്‌പെന്‍ഷന്‍ നേരിടേണ്ടിവന്നത്. മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ കമ്രാന്‍ അക്‌മലിന്‍റെ ഇളയ സഹോദരനാണ് ഉമർ അക്‌മല്‍.
നേരത്തെ ലാഹോറിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നസ് ടെസ്‌റ്റിനിടെ ട്രെയ്‌നറോട് താരം മോശമായി പെരുമാറിയെന്ന് ആരോപണമുയർന്നിരുന്നു. ഈ സംഭവത്തില്‍ അക്‌മല്‍ നടപടിയില്ലാതെ രക്ഷപ്പെടുകയായിരുന്നു. മുമ്പ് പാകിസ്ഥാന്‍റെ ഭാവി താരമെന്ന് ഉമർ അക്‌മലിനെ വാഴ്‌ത്തിയിരുന്നു.