കേരളം

kerala

ETV Bharat / sports

പാകിസ്ഥാന് 308 റൺസ് വിജയലക്ഷ്യം; വാർണറിന് സെഞ്ച്വറി

വാർണർ - ഫിഞ്ച് വെടിക്കെട്ടിന് ശേഷം ഓസ്ട്രേലിയയെ എറിഞ്ഞൊതുക്കി മുഹമ്മദ് അമീർ

By

Published : Jun 12, 2019, 7:26 PM IST

പാകിസ്ഥാന് 308 റൺസ് വിജയലക്ഷ്യം; വാർണറിന് സെഞ്ച്വറി

ടോണ്ടൻ: ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ പാകിസ്ഥാന് 308 റൺസിന്‍റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 49 ഓവറില്‍ 307 റൺസിന് ഓൾഔട്ടായി. ഓപ്പണർ ഡേവിഡ് വാർണറിന്‍റെ സെഞ്ച്വറി മികവിലാണ് ഓസീസ് മികച്ച സ്കോർ നേടിയത്.

ഒരു ഘട്ടത്തില്‍ ഓസ്ട്രേലിയയുടെ സ്കോർ 400 റൺസ് കടക്കുമെന്ന് കരുതിയിരുന്നുവെങ്കിലും പാകിസ്ഥാൻ ബൗളർമാർ ഓസീസിനെ എറിഞ്ഞൊതുക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ ഫിഞ്ചും വാർണറും കത്തിക്കയറിയപ്പോൾ കംഗാരുപ്പട 146 റൺസാണ് നേടിയത്. 84 പന്തില്‍ ആറ് ഫോറും നാല് സിക്സുമടക്കം 82 റൺസ് നേടിയാണ് ഫിഞ്ച് പുറത്തായത്. ഫിഞ്ച് പുറത്തായതിന് ശേഷം മികച്ച ഒരു കൂട്ടുകെട്ട് നേടുവാൻ വാർണറിനും കഴിഞ്ഞില്ല. ഒരറ്റത്ത് ബാറ്റ്സ്മാന്മാർ വിക്കറ്റുകൾ നഷ്ടപ്പെടുത്തി കൊണ്ടിരുന്നിട്ടും വാർണറിന്‍റെ ചെറുത്ത് നില്‍പ്പാണ് ഓസീസിന് തുണയായത്. 111 പന്തില്‍ നിന്ന് 11 ബൗണ്ടറിയും ഒരു സിക്സുമടക്കം 107 റൺസ് നേടിയാണ് വാർണർ പുറത്തായത്. സ്മിത്ത്(10), മാക്സ് വെല്‍(20), മാർഷ്(23), ഉസ്മാൻ ഖ്വാജ(18), അലക്സ് കാറെ(20) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങൾ. പത്തോവറില്‍ 30 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് അമീറിന്‍റെ തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഏകദിനത്തില്‍ അമീറിന്‍റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്.

ABOUT THE AUTHOR

...view details