വെല്ലിങ്ടണ്‍:ദീര്‍ഘമായ ന്യൂസിലന്‍ഡ് പരമ്പരയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഇരുപക്ഷത്തും ബാറ്റ്‌സ്‌മാന്‍മാര്‍ നിറഞ്ഞാടിയ ആദ്യ ട്വന്‍റി 20യില്‍ ആറ് വിക്കറ്റിന്‍റെ അനായാസ ജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കിവീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 204 റണ്‍സ് നേടി. 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കോലിപ്പട ആറ് പന്തുകള്‍ ബാക്കി നില്‍ക്കേ നാല് വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തി വിജയതീരമണിഞ്ഞു. കോലിയുടെ വിശ്വസ്തന്‍ കെഎല്‍ രാഹുലിന്‍റെയും (27 പന്തിൽ 56), ശ്രേയസ് അയ്യറിന്‍റെയും (29 പന്തിൽ പുറത്താകാതെ 58) മികവിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്‍റി 20 പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.
ഇന്ത്യന്‍ പേസ് നിരയുടെ കരുത്ത് ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള പ്രകടനമാണ് കീവിസ് ബാറ്റ്‌സ്‌മാന്‍മാരുടെ ഭാഗത്തുനിന്നുണ്ടായത്. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്‌ടിലും, കോളിന്‍ മണ്‍റോയും തുടക്കം മുതല്‍ ആഞ്ഞടിച്ചു. ആദ്യ ആറ് ഓവര്‍ ഷാർദുൽ താക്കൂറും, മുഹമ്മദ് ഷമിയും ചേര്‍ന്നെറിഞ്ഞപ്പോള്‍ ന്യൂസിലന്‍ഡ് സ്കോര്‍ ബോര്‍ഡ് അനായാസം മുന്നോട്ട് നീങ്ങി. ഇരു പേസര്‍മാരും കണക്കിന് തല്ലുവാങ്ങിയപ്പോള്‍ ആദ്യ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടം കൂടാതെ കിവീസ് 68 റണ്‍സ് അടിച്ചെടുത്തു. എട്ടാം ഓവറില്‍ ശിവം ദുബെയാണ് ഇന്ത്യയ്‌ക്ക് ആദ്യ ആശ്വാസം സമ്മാനിച്ചത്. 19 പന്തില്‍ 30 റണ്‍സുമായി നിന്ന മാര്‍ട്ടിന്‍ ഗപ്‌റ്റിലിനെ ദുബെ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചു. എന്നാല്‍ മികച്ച തുടക്കം ലഭിച്ച കിവീസിനെ പിടിച്ചുനിര്‍ത്താന്‍ ആ വിക്കറ്റ് മതിയായില്ല. കോളിൻ മൺറോ (42 പന്തിൽ 59) , ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (26 പന്തില്‍ 51) , റോസ് ടെയ്‌ലർ (27 പന്തില്‍ 54) എന്നിവർ ശരവേഗത്തില്‍ അർധസെഞ്ച്വറി നേടിയപ്പോള്‍ ന്യൂസിലന്‍ഡ് സ്‌കോര്‍ അനായാസം 200 കടന്നു.