ദുബായ്: സുരേഷ് റെയ്‌ന ഐപിഎല്‍ 13-ാം സീസണിലുണ്ടാകില്ല. ആരാധകരെ ഞെട്ടിച്ചു കൊണ്ടുള്ള വെളിപ്പെടുത്തല്‍ സിഎസ്‌കെ ട്വീറ്റിലൂടെയാണ് നടത്തിയത്. സ്വകാര്യ ആവശ്യങ്ങളെ തുടര്‍ന്ന് റെയ്‌ന ദുബായില്‍ നിന്നും നാട്ടിലേക്ക് പോകുമെന്ന് ട്വീറ്റില്‍ പറയുന്നു. റെയ്‌നക്കും കുടുംബത്തിനും എല്ലാ പിന്തുണയും സിഎസ്‌കെ വാഗ്‌ദാനം ചെയ്‌തു.
മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിക്ക് പിന്നാലെ അടുത്തിടെയാണ് സുരേഷ് റെയ്‌ന അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഇന്ത്യക്ക് വേണ്ടി 18 ടെസ്റ്റുകളും 226 ഏകദിനങ്ങളും 78 ടി20യും കളിച്ചു. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏഴ് സെഞ്ച്വറിയും 48 അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെ 8,048 റണ്‍സാണ് റെയ്‌നയുടെ എക്കൗണ്ടിലുള്ളത്. ഏകദിനത്തില്‍ പുറത്താകാതെ സെഞ്ച്വറിയോടെ 116 റണ്‍സെടുത്തതാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
യുഎഇലേക്ക് പോകുന്നതിന് മുമ്പായി ഇന്ത്യയില്‍ ക്യാമ്പ് നടത്തിയ ഏക ഐപിഎല്‍ ടീമാണ് സിഎസ്‌കെ. എന്നാല്‍ കഴിഞ്ഞ ദിവസം യുഎഇയിലെത്തിയ സിഎസ്‌കെ കാമ്പിലെ 12 അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ താരങ്ങളുടെ ക്വാറന്‍റൈന്‍ കാലാവധി സെപ്‌റ്റംബര്‍ ഒന്ന് വരെ നീട്ടി. റെയ്‌നയുടെ അഭാവവും ക്യാമ്പ് അംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതും സിഎസ്‌കെയെ പ്രതിസന്ധിയിലാക്കും.
ഐപിഎല്ലില്‍ ഇതേവരെ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ക്രിക്കറ്റ് താരങ്ങളാണെന്ന് ബിസിസിഐയും വ്യക്തമാക്കി. അതേസമയം ഐപിഎല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ബിസിസിഐ അറിയിച്ചു. എന്നാല്‍ ഐപിഎല്‍ ഫിക്‌സ്‌ചര്‍ പ്രഖ്യാപനം വൈകുന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. സെപ്‌റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയിലെ മൂന്ന് എമിറേറ്റ്‌സുകളിലായാണ് ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക.